റൂട്ടിന് വീണ്ടും സെഞ്ച്വറി; ഇന്ത്യയെ തകര്‍ത്ത് ഏകദിന പരമ്പര ഇംഗ്ലണ്ടിന്


ലീഡ്‌സ്: ട്വന്റി20 പരമ്പരയിലെ നാണം കെട്ട തോല്‍വിക്ക് ഇന്ത്യയോട് ഏകദിനത്തില്‍ പകരം വീട്ടി ഇംഗ്ലണ്ട്. മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ആതിഥേയരായ 2-1ന് ഏകദിന പരമ്പരയില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 44.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ (100*) ബാറ്റിങാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. നായകന്‍ ഇയാന്‍ മോര്‍ഗന്‍ (88*) അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. ജോണി ബെയര്‍സ്‌റ്റോ ( 30) , ജെയിംസ് വിന്‍സി (27) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കുവേണ്ടി ശര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കോഹ്‌ലി (71) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ശിഖര്‍ ധവാന്‍ (44), എം എസ് ധോണി (42) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി, ആദില്‍ റഷീദ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു. മാര്‍ക്ക് വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top