റീസര്‍വേയില്‍ ആശയക്കുഴപ്പം; വീണ്ടും സര്‍വേ അനിവാര്യം

കാസര്‍കോട്: സംസ്ഥാന െത്ത 1640 വില്ലേജുകളില്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ 700 വില്ലേജുകളിലും വീണ്ടും സര്‍വേ നടത്തേണ്ടിവരും. സര്‍വേ നടന്ന എല്ലാ വില്ലേജുകളിലും പരാതികളുടെ കൂമ്പാരമാണ്. സര്‍വേ ഡയറക്ടര്‍ ഇപ്പോള്‍ ഗുജറാത്തില്‍ സര്‍വേയെക്കുറിച്ച് വിശദമായി പഠിക്കാന്‍ പോയിരിക്കുകയാണ്.
സംസ്ഥാനത്ത് ആദ്യമായി കാസര്‍കോട് ജില്ലയിലാണ് റീസര്‍വേ നടത്തിയത്. ഇതിനായി അഞ്ഞൂറംഗ സര്‍വേ ടീമിനെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഘം ആദ്യഘട്ടസര്‍വേ പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു.
പുതുതായി വീണ്ടും അഞ്ഞൂറംഗസംഘത്തെ അയക്കാനായിരുന്നു റവന്യുവകുപ്പിന്റെ തീരുമാനം. എന്നാല്‍ പുതിയ സംഘത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയതിനാല്‍ സര്‍വേ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. റീസര്‍വേയ്ക്കായി ലിയ എന്ന കമ്പനിയില്‍ നിന്നാണ് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ വാങ്ങിയത്. ഇവ മഴക്കാലത്ത് പ്രവര്‍ത്തിക്കാത്തതും ഉപയോഗിക്കുമ്പോള്‍ തന്നെ തകരാര്‍ സംഭവിച്ചവയുമാണ്.
ഇവ മാറ്റിനല്‍കാനോ നന്നാക്കാനോ വ്യവസ്ഥയില്ലാത്തതിനാല്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. സംസ്ഥാനത്ത് 2000-2013 കാലഘട്ടത്തിലാണ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ സര്‍വേയര്‍മാരുടെ 600ഓളം ഒഴിവുകളുണ്ടായിരുന്നു. എന്നാല്‍ ഈ തസ്തിക റവന്യുവകുപ്പ് റദ്ദാക്കുകയായിരുന്നു.
2007ല്‍ വീണ്ടും സര്‍വേ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ അതും നടപ്പിലായില്ല. ഇക്കാലയളവില്‍ ഇടുക്കിയിലെ 37 വില്ലേജുകളില്‍ മാത്രമാണ് സര്‍വേ നടന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂരേഖ പരിഷ്‌കരണത്തിന്റെ പേരില്‍ ജനങ്ങളെ ഏറെക്കാലം ബുദ്ധിമുട്ടിലാക്കിയിരുന്നു.
ഇതിനേക്കാള്‍ വലിയ ബുദ്ധിമുട്ടാണ് സര്‍വേ നടത്തിയ പ്രദേശത്തെ ജനങ്ങള്‍ ഇപ്പോള്‍ നേരിടുന്നത്. റീസര്‍വേ കഴിഞ്ഞ സ്ഥലങ്ങളില്‍ പല കര്‍ഷകരുടെയും കൈവശഭൂമികളുടെയും സര്‍വേ നമ്പറുകള്‍ പോലും തെറ്റായാണ് നല്‍കിയിട്ടുള്ളത്. റവന്യുവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനം നിമിത്തം സാധാരണക്കാരായ ജനങ്ങള്‍ വില്ലേജ് ഓഫിസില്‍ ദിവസവും കയറിയിറങ്ങേണ്ട സ്ഥിതിയാണ്.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഹൊസ്ദുര്‍ഗ്, അജാനൂര്‍, ചിത്താരി, പള്ളിക്കര, കീക്കാന്‍, ഉദുമ, ചെറുവത്തൂര്‍ തുടങ്ങി പത്തു വില്ലേജുകളിലാണ് റീസര്‍വേ പൂര്‍ത്തിയാക്കിയത്. ഇവിടങ്ങളില്‍ നിന്നുള്ള സ്ഥലമുടമകളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള സംവിധാനമില്ല. പലരും നികുതി അടയ്ക്കാന്‍ വില്ലേജുകളില്‍ ചെന്നപ്പോഴാണ് റീസര്‍വേയിലെ തകരാറുകള്‍ അറിയുന്നത്. സാമ്പത്തികവര്‍ഷം അവസാനമായതോടെ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് ഭൂനികുതിയിനത്തില്‍ എത്തേണ്ടുന്ന ലക്ഷക്കണക്കിനുരൂപയും ഇതോടെ സര്‍ക്കാരിന് നഷ്ടമാകും.
അടുത്തമാസം പുതിയ സാമ്പത്തികവര്‍ഷത്തെ നികുതി അടയ്ക്കാനായി സ്ഥലം ഉടമകള്‍ എത്തുമ്പോള്‍ പരാതികളുടെ എണ്ണം വീണ്ടും കൂടും. സ്ഥലത്തിന്റെ രേഖകളുമായി നിരവധിതവണ വില്ലേജ് ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും സ്ഥലമുടമകള്‍ക്ക് സബ്ഡിവിഷന്‍ നമ്പര്‍ കിട്ടാത്ത അവസ്ഥയാണ്. ചില സ്ഥലങ്ങളില്‍ സ്ഥലം പഴയ ജന്മിമാരുടെ പേരില്‍ ആയതുകൊണ്ട് നികുതി അടയ്ക്കാനും സാധിക്കുന്നില്ല. ബാങ്ക് വായ്പ, വീടുനിര്‍മാണം തുടങ്ങി പല ആവശ്യങ്ങള്‍ക്കും ആദ്യം വേണ്ടത് സ്ഥലത്തിന്റെ നികുതി അടച്ച രസീതാണ്. ഭൂമി കുറവുള്ളവരും അധികമുള്ളവരും ഇതു ശരിയാക്കാന്‍ നെട്ടോട്ടമോടുകയാണ്. അജാനൂര്‍ വില്ലേജില്‍ റീസര്‍വേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആയിരത്തിലധികം പരാതികളാണ് കെട്ടിക്കിടക്കുന്നത്. പരാതി പരിഹരിക്കാന്‍ ചുമതലപ്പെട്ട റീസര്‍വേ ഉദ്യോഗസ്ഥരില്‍ പലരും തങ്ങളുടെ പഴയ ഓഫിസുകളിലേയ്ക്ക് മടങ്ങി.
ബദല്‍ സംവിധാനങ്ങള്‍ ഏ ര്‍പ്പെടുത്തിയിട്ടുമില്ല. നിലവില്‍ ഇടുക്കിയിലെ അഞ്ചു വില്ലേജുകളിലും കാസര്‍കോട് ജില്ലയിലെ ബല്ല, പൈവളിഗെ, തിമിരി എന്നിവിടങ്ങളിലും സര്‍വേ നടക്കുന്നുണ്ട്. നിലവില്‍ സര്‍വേ നടത്തിയ പ്രദേശങ്ങളിലെല്ലാം പുനര്‍സര്‍വേ നടത്തേണ്ട സാഹചര്യമാണുള്ളതെന്ന് സര്‍വേ ഡയറക്ടര്‍ തന്നെ സമ്മതിക്കുമ്പോള്‍ അപകാതകള്‍ പരിഹരിക്കാതെ സര്‍വേ നടത്തുന്നത് എന്തിനെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

RELATED STORIES

Share it
Top