റിസോര്‍ട്ട് മാഫിയ പട്ടയഭൂമി കൈയേറിയതായി കര്‍ഷകന്‍

തൊടുപുഴ:  3.80 ഏക്കര്‍ സ്ഥലം റിസോര്‍ട്ട് മാഫിയ തട്ടിയെടു—ത്തതായും ഇ എസ് ബിജിമോള്‍ എംഎല്‍എ റിസോര്‍ട്ട് മാഫിയ—ക്ക് ഒത്താശ ചെയ്യുന്നതായും കര്‍ഷകന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഉപ്പുതറ പുളിങ്കട്ട പതിയില്‍ കുര്യന്റെ കൃഷിഭുമിയാണ് ജെ സി ഹില്‍സ് റിസോര്‍ട്ട് ഉടമകള്‍ കൈയേറി സ്വന്തമാക്കിയത്. ഭൂമി തിരിച്ചുപിടിക്കാന്‍ ഈ കര്‍ഷകന്‍ മുട്ടാത്ത വാതിലുകളില്ല. ഇതിനുപുറമേ റിസോര്‍ട്ട് മാഫിയ പോലിസിനെ ഉപയോഗിച്ച് ഇദ്ദേഹത്തിനെതിരേ കള്ളക്കേസ് എടുത്തു പീഡിപ്പിക്കുകയാണ്. കുര്യന്റെ പട്ടയവസ്തുവിനു സമീപം റിസോര്‍ട്ട് ഉടമകള്‍ ഭൂമി വാങ്ങി റിസോര്‍ട്ട് നിര്‍മിച്ചു. റിസോര്‍ട്ടിലേക്ക് റോഡ്, വെള്ളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കുര്യന്റെ സ്ഥലം വിലയ്ക്ക് ആവശ്യപ്പെട്ടെങ്കിലും വില്‍ക്കുവാന്‍ തയ്യാറായില്ല.
ഇതേത്തുടര്‍ന്ന് രാത്രിയില്‍ ബലമായി അവിടെ റോഡ് നിര്‍മിച്ചു. ആള്‍ത്താമസമില്ലാത്ത പുരയിടമായിരുന്നതുകൊണ്ട് പിറ്റേന്നാണ് വിവരം കുര്യന്‍ അറിഞ്ഞത്. ഇതിനെതിരേ പോലിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. പുരയിടത്തില്‍ ഉണ്ടായിരുന്ന ഷെഡും റി—സോര്‍ട്ട് ഉടമകള്‍ കൈയേറിയിരിക്കുകയാണ്. ഈ വിവരങ്ങള്‍ കാട്ടി സ്ഥലം എംഎല്‍എ ഇ എസ് ബിജിമോള്‍ക്ക് കുര്യന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എ റിസോര്‍ട്ട് മാഫിയക്ക് ഒത്താശ ചെയ്യുകയാണെന്ന് കുര്യന്‍ ആരോപിക്കുന്നു. കുര്യന്റെ പട്ടയവസ്തുവിലെ മരങ്ങള്‍ മുറിച്ചുകടത്തി. അതിലുണ്ടായിരുന്ന ഷെഡ് കൈയേറി അവിടെ കള്ളുഷാപ്പ് നടത്തുകയാണ്. മാത്രമല്ല നിരന്തരം തനിക്കെതിരേ കള്ളക്കേസ് എടുപ്പിക്കുകയാണെന്നും കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top