റിഷഭ് പാന്ത് വിസ്മയിപ്പിച്ചു: സചിന്‍ന്യൂഡല്‍ഹി: ഗുജറാത്ത് ലയണ്‍സിനെതിരായ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ റിഷഭ് പാന്തിന്റെ ബാറ്റിങില്‍ വിസ്മയിച്ച് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കര്‍. 97 റണ്‍സെടുത്ത റിഷഭിന്റെ ബാറ്റിങ് പ്രകടനം വരും കാല ഇന്ത്യന്‍ ടീമിന് പ്രതീക്ഷ നല്‍കുന്നതാണെന്നും സചിന്‍ അഭിപ്രായപ്പെട്ടു. ഉയരക്കുറവിനെ മറികടന്ന് പാന്ത് ബൗണ്‍സറുകളില്‍ നന്നായി ബാറ്റ് ചെയ്യുന്നു. അനായാസമായി പന്തുകളെ പുള്‍ ഷോട്ടുകളിലൂടെ സിക്‌സര്‍ പറത്തുന്നു. തീര്‍ച്ചയായും റിഷഭ് വരും കാല ഇന്ത്യന്‍ ടീമിന് മുതല്‍കൂട്ടാണ്- സചിന്‍ പറഞ്ഞു. എല്ലാ വശങ്ങളിലേക്കും പന്ത് പായിക്കാനുള്ള റിഷഭിന്റെ കഴിവ് അപാരമാണ്. ഐപിഎല്ലില്‍ താന്‍ കണ്ട മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു പാന്തിന്റേതെന്നാണ് സചിന്‍ അഭിപ്രായപ്പെട്ടത്. സചിനെക്കൂടാതെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവരും പാന്തിനെ അഭിനന്ദിച്ചു. റിഷഭും സഞ്ജുവും മികച്ച താരങ്ങളാണെന്നും ഇരുവരിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ഒരു കണ്ണ് വേണമെന്നും ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു. മൂന്ന് റണ്‍സകലെ സെഞ്ച്വറി നഷ്ടപ്പെട്ട പാന്തിന് സെഞ്ച്വറി അര്‍ഹിച്ചിരുന്നതായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും ട്വീറ്റ് ചെയ്തു.

RELATED STORIES

Share it
Top