റിയാസ് മൗലവി വധം: യുഎപിഎ ചുമത്തണമെന്ന ഹരജി കോടതി തള്ളി

കാസര്‍കോട്്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസ അധ്യാപകനും കുടക് സ്വദേശിയുമായ റിയാസ് മൗലവി(28)യെ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സൈദ ഫയല്‍ ചെയ്ത ഹരജി ജില്ലാ സെഷന്‍സ് കോടതി തള്ളി. അഡ്വ. സി ഷുക്കൂര്‍ മുഖാന്തരമാണ് ഹരജി ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍, കേസ് പരിഗണിച്ചപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യുഎപിഎ ചുമത്താന്‍ കോടതിക്ക് അധികാരമില്ലെന്നും ഹരജിക്കാര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാമെന്നും വാദിച്ചു.
2010 മുതല്‍ 17 വരെ നാല് കൊലപാതകങ്ങളാണ് ചൂരി പ്രദേശത്ത് മാത്രം നടന്നത്. കൊല്ലപ്പെട്ടവരെല്ലാം മുസ്്‌ലിംകളാണ്. ന്യൂനപക്ഷ മനസ്സുകളില്‍ ഭീതി വിതയ്ക്കാന്‍ വലതുപക്ഷ തീവ്രവാദ സംഘടനകള്‍ നടത്തിയ ഗൂഢാലോചനയാണെന്നും റിയാസ് മൗലവി വധത്തോടെ ഈ പ്രദേശത്തെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തിയാല്‍ കഴിയുമെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. സി ഷുക്കൂര്‍ വാദിച്ചു.
കേസിലെ പ്രതികളായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെ പടഌയിലെ നിതിന്‍(18), ഗംഗൈ കേശവ കുടീരത്തില്‍ അഖിലേഷ് എന്ന അഖില്‍(25) എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസ് ഈമാസം അഞ്ചിന് വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഹരജി ഫയല്‍ ചെയ്തത്. എന്നാല്‍, ഹരജി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ. സി ഷുക്കൂര്‍ തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top