റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ മൂന്നിലേക്ക് മാറ്റി

കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസാധ്യാപകനും കുടക് സ്വദേശിയുമായ റിയാസ് മൗലവി(28)യെ പള്ളിയിലെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗിക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി. അവധിക്കാല ജഡ്ജ് നാരായണ പിഷാരടിയുടെ ബെഞ്ച് മുമ്പാകെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ജാമ്യാപേക്ഷയില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസന്‍ കോടതിക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.


സംഭവം നടന്നതിന്റെ 88ാം ദിവസം പ്രത്യേക അന്വേഷണ സംഘത്തലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് സിജെഎം കോടതിയില്‍ 600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കോഴിക്കോട് സ്വദേശി അഡ്വ. എം അശോക് കുമാറിനെ നിയമിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു(20), കേളുഗുഡെ മാത്തയിലെ നിധിന്‍(19), കേളുഗുഡെ ഗംഗൈയിലെ അഖിലേഷ്(24) എന്നിവരാണ് പ്രതികള്‍. പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജാമ്യം ലഭിച്ചിട്ടില്ല. ഈ കേസില്‍ മാര്‍ച്ച് അഞ്ചിന് വിചാരണ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടയിലാണ് പ്രതികള്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

RELATED STORIES

Share it
Top