റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ 23ന് പരിഗണിക്കും

വിദ്യാനഗര്‍: കര്‍ണാടക കുടക് സ്വദേശിയും പഴയചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. 23ന് കോടതി വിധി പറയും.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ വീണ്ടും സംഘര്‍ഷ സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷ തള്ളണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അശോകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം ചൂരി പ്രദേശത്ത് തന്നെ ഒരു പള്ളിയില്‍ കയറി അക്രമം നടത്തി കലാപം അഴിച്ചുവിടാന്‍ സംഘപരിവാരം പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. കലാപസാധ്യതയുള്ളതിനാല്‍ ജാമ്യാപേക്ഷ തള്ളണമെന്നാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ആവശ്യം.
മാത്രവുമല്ല പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ എം ഇ സൈദ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വാദം നടന്നുവരികയാണ്.
മേല്‍കോടതിയില്‍ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം നടക്കുന്ന സമയത്ത് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നു ം അഡ്വ. അശോകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് എതിര്‍ഭാഗം ശ്രമിക്കുന്നതെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനും കോടതിയില്‍ വാദിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.
ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20ന് അര്‍ധരാത്രിയാണ് ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ താമസസ്ഥലത്ത് കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

RELATED STORIES

Share it
Top