റിയാസ് മൗലവി വധം: കുറ്റപത്രം 19ന് സമര്‍പ്പിക്കുംഅബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാധ്യാപകന്‍ കുടക് സ്വദേശി റിയാസ് മൗലവി(28)യെ പള്ളിയിലെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം 19ന് കോതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ മാര്‍ച്ച് 21ന് പുലര്‍ച്ചെയാണു മൗലവിയെ ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്നുപേര്‍ ചേര്‍ന്ന് കഴുത്തറുത്ത് കൊന്നത്. സംഭവം നടന്നതിന്റെ 88ാം ദിവസമായ 19നാണ് പ്രത്യേക അന്വേഷണസംഘത്തലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് സിജെഎം കോടതിയില്‍ 600 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുള്ള കുറ്റപത്രമാണു കോടതിയില്‍ സമര്‍പ്പിക്കുന്നത്. പ്രതികളെ തിരിച്ചറിഞ്ഞ രണ്ടുപേരുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കോഴിക്കോട് സ്വദേശി അഡ്വ. എം അശോക് കുമാറിനെ നിയമിച്ചിട്ടുണ്ട്. കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെ മാത്തയിലെ നിധിന്‍(19), കേളുഗുഡ്ഡെ ഗംഗൈയിലെ അഖിലേഷ്(24) എന്നിവരാണു പ്രതികള്‍. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതിനിടെ പ്രതികള്‍ തളിപ്പറമ്പിലെ അഭിഭാഷകന്‍ അഡ്വ. സുനില്‍കുമാര്‍ മുഖാന്തരം ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കോടതി 27നു വാദം കേള്‍ക്കും. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സഹായിക്കാന്‍ അഡ്വ. സി ഷുക്കൂറിനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യ വഹീദയും ജമാഅത്ത് കമ്മിറ്റിയും മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലാ കോടതിയില്‍ നടക്കുന്ന കേസ് വിചാരണയില്‍ അഡ്വ. സി ഷുക്കൂറിനെ ചുമതലപ്പെടുത്തണമെന്നാണാവശ്യം.

RELATED STORIES

Share it
Top