റിയാസ് മൗലവി കൊലപാതകം: ഹൈക്കോടതി മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കാസര്‍കോട് പഴയചൂരിയിലെ മദ്‌റസാധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ആര്‍എസ്എസുകാരായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡെ ഗംഗൈയിലെ അഖിലേഷ് (24) എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത്. ഹീനവും ഗൗരവകരവും അസാധാരണവുമായ കേസാണിതെന്ന് ജാമ്യം തള്ളി ഹൈക്കോടതി നിരീക്ഷിച്ചു.
സംസ്ഥാന സര്‍ക്കാരും ജാമ്യഹരജിയെ ശക്തമായി എതിര്‍ത്തു. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആരെയെങ്കിലും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ സംഘം ചേര്‍ന്നത്. കൊല്ലാനായി ആളെ തേടി നടന്നതിന്റെ തുടര്‍ച്ചയായാണ് റിയാസ് മൗലവിയെ പള്ളിയില്‍ കയറി കഴുത്തറുത്തത്. സംഭവസ്ഥലത്തു തന്നെ പ്രതിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. ഒരു സാക്ഷിയെ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്താനും ശ്രമിച്ചു. വര്‍ഗീയകലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ അക്രമം ആസൂത്രണം ചെയ്തത്.
ഇത്തരം ആളുകളെ ജാമ്യത്തില്‍ വിടുന്നത് സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കും. സാമുദായിക കലാപത്തിന് തക്കംപാര്‍ത്തിരിക്കുന്നവര്‍ക്കും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് സഹായകരമാവും. കേസില്‍ മാര്‍ച്ച് അഞ്ചിന് വിചാരണ ആരംഭിക്കാന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ സമയത്ത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് കേസിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിനെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

RELATED STORIES

Share it
Top