റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം, സര്‍ക്കാര്‍ ആറു മാസത്തിനകം നിയമമുണ്ടാക്കണം

കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം ഫലപ്രദമാക്കാന്‍ ആറു മാസത്തിനകം സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിയമം ഉണ്ടാക്കണമെന്നു ഹൈക്കോടതി. അതോറിറ്റി രൂപീകരിച്ചെങ്കിലും നിയമമില്ലാത്തതിനാല്‍ പ്രവര്‍ത്തനം സാധ്യമാവാത്തതും പരാതികള്‍ക്കു പരിഹാരമില്ലാത്തതുമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കേരളഗ്രാമം പ്രോപ്പര്‍ട്ടീസ് എന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തില്‍ നിന്നു വില്ലകളും അപാര്‍ട്ട്‌മെന്റുകളും വാങ്ങിയവര്‍ക്കു കരാര്‍ പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച് ഫഌറ്റുകള്‍ കൈമാറാത്തതുമായ പരാതിയില്‍ നടപടിയില്ലെന്നു ചൂണ്ടിക്കാട്ടി എം സുഭാഷ് അടക്കം 22 പേര്‍ നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്.
2016ലെ റിയല്‍ എസ്‌റ്റേറ്റ് (റഗുലേഷന്‍ ആന്റ് ഡെവലപ്‌മെന്റ്) ആക്റ്റ് പ്രകാരം റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിലവില്‍വന്നെങ്കിലും നിയമനം നടത്തിയിട്ടില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം. അതിനാല്‍, തങ്ങളുടെ പരാതികള്‍ക്കു പരിഹാരമുണ്ടാവുന്നില്ല. അതോറിറ്റിയിലെ നിയമനത്തിനും നിയമനിര്‍മാണത്തിനും ഉത്തരവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
അതേസമയം, മുഴുവന്‍ സമയ അതോറിറ്റിയുടെ നിയമനം ഉണ്ടാവുന്നത് വരെ തദ്ദേശ ഭരണ സെക്രട്ടറിക്ക് റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ചുമതല നല്‍കി 2017 ഫെബ്രുവരി 23ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പാസാക്കിയിട്ടുള്ളതായി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഹരജിക്കാര്‍ക്ക് തങ്ങളുടെ പരാതി ഈ ഉദ്യോഗസ്ഥനു സമര്‍പ്പിക്കാമെന്നും വ്യക്തമാക്കി.
എന്നാല്‍, അതോറിറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു നിയമങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും അതിനാല്‍, അതോറിറ്റിയുടെ പ്രവര്‍ത്തനം നടക്കുന്നില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഉടനെ നിയമം ഉണ്ടാക്കുമെന്നു സ്‌റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചെങ്കിലും ശരിയായ വിധത്തില്‍ ഉചിതവും ഫലപ്രദവുമായി അതോറിറ്റിയുടെ പ്രവര്‍ത്തനം നടക്കണമെങ്കില്‍ ഇത് സംബന്ധിച്ച നിയമം അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, ഇതു സംബന്ധിച്ച ഉചിതമായ നിര്‍ദേശം സര്‍ക്കാരില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ട്. തുടര്‍ന്നാണ് ആറു മാസത്തിനകം നിയമം ഉണ്ടാക്കണമെന്നു കോടതി നിര്‍ദേശിച്ചത്.
ഹരജിക്കാരുടെ പരാതി നിയമപരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനു കൈമാറാനും കോടതി ഉത്തരവിട്ടു.

RELATED STORIES

Share it
Top