റിമാന്‍ഡ് പ്രതിയുടെ മരണംമൃതദേഹവുമായി റോഡ് ഉപരോധിച്ചു

മണ്ണാര്‍ക്കാട്: മദ്യക്കടത്ത് കേസില്‍ റിമന്‍ഡിലായ ആനമൂളി സ്വദേശി തട്ടാരടിയില്‍ ടിജോ തോമസിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആനമൂളിയില്‍ മണ്ണാര്‍ക്കാട്-ആനക്കട്ടിറോഡ് ഉപരോധിച്ചു. സംഭവത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം നടത്തുക, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, പോലിസിനെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റോഡ് ഉപരോധിച്ചത്.
മൃതദേഹവുമായി എത്തിയ വാഹനം ആനമൂളിയില്‍ നാട്ടുകാര്‍ തടഞ്ഞിടുകയായിരുന്നു. ടിജോ മരിച്ചത് ഹൃദയാഘാതം കൊണ്ടല്ലന്നും തലയില്‍ രക്തം കട്ടപിടിച്ചതു കാരണമാണെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി എന്‍ മുരളിധരന്‍, മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഹിദായത്തുല്ല മാമ്പ്ര എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. ഇതിനിടെ തഹസില്‍ദാര്‍ കൃഷ്ണകുമാര്‍ സ്ഥലത്തെത്തി.
നാട്ടുകാരുടെ ആവശ്യങ്ങളില്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയതായി അറിയിച്ചതോടെ അഞ്ചരയോടെ റോഡ് ഉപരോധം അവസാനിപ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഫൈസല്‍ ആനമൂളി, ജോബി ജോണ്‍, ജോസ് ജോസഫ്, ടി എ സലാം, ഫായിദ ബഷീര്‍,നഗസഭ ചെയര്‍പെഴ്‌സണ്‍ എം കെ സുബൈദ, വട്ടോടി വേണുഗോപാല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top