റിമാന്‍ഡ് തടവുകാരന്‍ മരിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

പാലക്കാട്: അനധികൃത മദ്യക്കടത്ത് കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. മണ്ണാര്‍ക്കാട് ആനമൂളി തട്ടാരടിയില്‍ വീട്ടില്‍ ടിജോ തോമസ് (40) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 14നാണ് അട്ടപ്പാടിയിലേക്ക് വിദേശമദ്യം കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അഗളി പോലിസ് ടിജോയെ പിടികൂടിയത്. പ്രതിയെ പാലക്കാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. നേരത്തെയും മദ്യക്കടത്തുമായി ബന്ധപ്പെട്ട ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അഗളി സിഐ സലീഷ് എന്‍ ശങ്കര്‍ പറഞ്ഞു.
ഞായറാഴ്ച ജയിലില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടിജോയെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മുമ്പ് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ ടിജോക്ക് ഇടയ്ക്കിടെ നെഞ്ചുവേദന ഉണ്ടാവാറുണ്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കാറുണ്ടെന്നും ജില്ലാ ജയില്‍ സൂപ്രണ്ട് എസ് ശിവദാസ് അറിയിച്ചു.
അതേസമയം, ടിജോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ടിജോയെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടപ്പോഴും ബസ്സിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തട്ടാരടിയില്‍ വീട്ടില്‍ തോമസ്-സിസിലി ദമ്പതികളുടെ മകനാണ് ടിജോ. ഭാര്യ: ഭാഗ്യലക്ഷ്മി.

RELATED STORIES

Share it
Top