റിമാന്റ് തടവുകാരന്റെ മരണംഅനേ്വഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

പാലക്കാട്: റിമാന്റ് തടവുകാരന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അനാസ്ഥയുണ്ടെന്ന ആരോപണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അനേ്വഷിക്കും.
ജില്ലാ പോലിസ് മേധാവി, സബ് ജയില്‍ സൂപ്രണ്ട്, പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട്, തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് എന്നിവര്‍ വിശദമായ അനേ്വഷണം നടത്തി മൂന്നാഴ്ചക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മണ്ണാര്‍ക്കാട് ആനമൂളി തട്ടാരടിയില്‍ വീട്ടില്‍ ടിജോയാണ് (40) മരിച്ചത്.
മദ്യകടത്ത് കേസില്‍ പാലക്കാട് ജില്ലാ ജയിലില്‍ റിമാന്റിലായിരുന്നു. ഞായറാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ടിജോയ്ക്ക് യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കടുത്ത നെഞ്ചുവേദനയുണ്ടായിരുന്ന ടിജോയെ ആമ്പുലന്‍സ് ഒഴിവാക്കി ബസിലാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെന്നും ആരോപണമുണ്ട്.
ജില്ലാ ആശുപത്രിയില്‍ നിന്നും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും പരാതിയുണ്ട്. ചികിത്സ വൈകിയെന്ന ആരോപണം ജയില്‍, ആശുപത്രി അധികൃതര്‍ വിശദീകരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. റിപോര്‍ട്ട് ലഭിച്ചശേഷം കേസ് പാലക്കാട് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.

RELATED STORIES

Share it
Top