റിപോര്‍ട്ട് സമര്‍പ്പിച്ചില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

കോട്ടയം: കെവിന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും കോടതി മാറ്റിവച്ചു. ജാമ്യാപേക്ഷയില്‍ പ്രതിഭാഗം ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ സംബന്ധിച്ച് കോടതി പോലിസിനോട് റിപോര്‍ട്ട് തേടിയിരുന്നു. എന്നാല്‍, ഇന്നലെ റിപോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്റെ ചികില്‍സാരേഖകള്‍ വീട്ടില്‍ നിന്നെടുക്കാനായി ചാക്കോയും പോലിസ് ഉദ്യോഗസ്ഥരും അഭിഭാഷകന്‍ പി കെ വിനോദും ഉള്‍പ്പെടുന്ന സംഘം ഇന്ന് തെന്‍മലയ്ക്ക് പോവും. ചാക്കോയെ അനുഗമിക്കുന്ന പോലിസുദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നല്‍കണമെന്ന് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്നു രാവിലെ പേരുവിവരം നല്‍കാമെന്നാണ് പോലിസ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ കോടതിയില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയശേഷം സംഘം തെന്‍മലയ്ക്ക് പോവും. ഈ രേഖകള്‍ സഹിതം വെള്ളിയാഴ്ച വീണ്ടും കോടതിയില്‍ വാദം തുടരും. നീനുവിനെ മാനസികരോഗത്തിന് ചികില്‍സിച്ച ഡോ. ബൃദ്ധയെ വിസ്തരിക്കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കുമെന്നു പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

RELATED STORIES

Share it
Top