റിപോര്‍ട്ട് സമര്‍പ്പിക്കാനാവാതെ ജിഡിപി എസ്റ്റിമേറ്റ് കമ്മിറ്റി

കെ എ സലിം

ന്യൂഡല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതു സംബന്ധിച്ച കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്റെ കണക്കിന്റെ പേരില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാവാതെ ജിഡിപി എസ്റ്റിമേറ്റ് കമ്മിറ്റി. രാജ്യത്തെ തൊഴിലവസരങ്ങള്‍ കുത്തനെ ഇടിഞ്ഞതു സംബന്ധിച്ച റിപോര്‍ട്ട് ജിഡിപി എസ്റ്റിമേറ്റ് കമ്മിറ്റി റിപോര്‍ട്ടിന്റെ ഭാഗമാക്കുന്നതു സംബന്ധിച്ച കാര്യത്തില്‍ മുരളീമനോഹര്‍ ജോഷി അധ്യക്ഷനായ കമ്മിറ്റിയില്‍ തര്‍ക്കം തുടങ്ങി.
ഓരോ വര്‍ഷവും 10 ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് മോദി സര്‍ക്കാര്‍ 2014ല്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, അതുണ്ടായില്ലെന്നു മാത്രമല്ല നോട്ടുനിരോധനം, ജിഎസ്ടി എന്നിവ വന്നതോടെ അതു കുത്തനെ ഇടിയുകയും ചെയ്തു. ഇക്കാര്യം രേഖപ്പെടുത്തിയ തൊഴില്‍മന്ത്രാലയത്തിന്റെ റിപോര്‍ട്ടാണ് ജിഡിപി കണക്കാക്കല്‍ കമ്മിറ്റിയില്‍ തലവേദനയായിരിക്കുന്നത്.
തൊഴില്‍മന്ത്രാലയത്തിന്റെ കണക്ക് റിപോര്‍ട്ടിന്റെ ഭാഗമാക്കരുതെന്നും അങ്ങനെ വന്നാല്‍ തങ്ങള്‍ എതിര്‍ത്തുള്ള നോട്ട് നല്‍കുമെന്നും കമ്മിറ്റി അംഗങ്ങളും ബിജെപി എംപിമാരുമായ നിഷികാന്ത് ദുബെ, രമേശ് ബിദൂരി എന്നിവര്‍ കമ്മീഷന്‍ അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ചചെയ്യുന്നതിന് കഴിഞ്ഞ ദിവസം കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് രണ്ടംഗങ്ങളും ഇത്തരത്തിലൊരു നിലപാടെടുത്തതെന്നാണു വിവരം. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍കൂടിയായ മുരളീമനോഹര്‍ ജോഷിയാവട്ടെ ഇതു തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ്. കള്ളം പറഞ്ഞാലും ഭരണപരാജയം തെളിയിക്കുന്നൊരു റിപോര്‍ട്ട് തിരഞ്ഞെടുപ്പുകള്‍ അടുത്ത ഈ വേളയില്‍ പുറത്തുവരരുതെന്ന കര്‍ശന നിലപാടാണ് ബിജെപി നേതൃത്വത്തിനുള്ളത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കണക്കിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍മന്ത്രാലയം സ്വന്തം റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതാവട്ടെ മോദി സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങള്‍ക്കും വിരുദ്ധവുമാണ്. കഴിഞ്ഞ ദിവസം യോഗം നടക്കുമ്പോള്‍ കമ്മിറ്റിയുടെ അംഗംപോലുമല്ലാത്ത ബിജെപി നേതാവ് വിജയ് ഗോയല്‍ അവിടെയെത്തുകയും എതിര്‍ത്തുനില്‍ക്കുന്ന എംപിമാരുമായി സംസാരിക്കുകയും ചെയ്തിരുന്നു. അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ് ഗോയല്‍ എത്തിയതെന്നാണു വിവരം. രണ്ട് എംപിമാരോടും അവരുടെ എതിര്‍പ്പ് എഴുതിനല്‍കാനാണു കഴിഞ്ഞ യോഗത്തില്‍ ജോഷി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുശേഷം റിപോര്‍ട്ട് തയ്യാറാക്കുന്ന കാര്യം പരിഗണിക്കാമെന്നും ജോഷി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തിരക്കായതിനാല്‍ എഴുതിനല്‍കാന്‍ കഴിയില്ലെന്ന് ബിദൂരി ജോഷിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ അതുമായി ബന്ധപ്പെട്ട ജോലിയിലാണെന്നാണ് ബിദൂരിയുടെ ന്യായം. ആദ്യം എതിര്‍ത്തെങ്കിലും എഴുതിനല്‍കാമെന്ന നിലപാടാണ് ദുബെ പിന്നീട് സ്വീകരിച്ചത്.
തൊഴിലവസരം സൃഷ്ടിച്ചതു സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ പറയാനാവില്ല. കണക്കുകള്‍ ഇല്ലാതെ റിപോര്‍ട്ട് പുറത്തിറക്കാനും പറ്റില്ല. ഈ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്നറിയാതെ നില്‍ക്കുകയാണ് കമ്മിറ്റി. റിസര്‍വ് ബാങ്കിന്റെ പിന്തുണയുള്ള റിസര്‍ച്ച് റിപോര്‍ട്ട് പ്രകാരം മോദി സര്‍ക്കാര്‍ 27 വിഭാഗങ്ങളിലായി 0.2 ശതമാനം, 0.1 ശതമാനം എന്നിങ്ങനെയാണ് നിയമനം നടത്തിയിരിക്കുന്നത്. 2014-15, 2015-16 സാമ്പത്തിക വര്‍ഷങ്ങളിലെ ജിഡിപി താരതമ്യേന മെച്ചപ്പെട്ട 7.4 ശതമാനം, 8.2 ശതമാനം എന്നിങ്ങനെ നില്‍ക്കുന്ന കാലത്തായിട്ടുപോലും അത്രമാത്രമാണ് സാധ്യമായത്. 10 ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടുവെന്നാണ് ഇതു കാണിക്കുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപോര്‍ട്ടിലും സമാനമായ ചിത്രമാണുള്ളത്. നിരവധി തൊഴിലവസരങ്ങളുണ്ടാക്കിയതായി മോദി അവകാശപ്പെടുന്നുണ്ട്. എന്നാല്‍, രേഖകളില്‍ ഇതൊന്നുമില്ല.
പാര്‍ലമെന്റിനു കീഴില്‍ വരുന്ന സ്വതന്ത്ര സമിതികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വ്യാപകമാണ്. പ്രതിരോധ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് സര്‍ക്കാരിന് താല്‍പര്യമില്ലാത്ത റിപോര്‍ട്ട് തയ്യാറാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിരോധകമ്മിറ്റിയുടെ ചെയര്‍മാന്‍സ്ഥാനത്തു നിന്ന് ബിജെപിക്കാരന്‍ തന്നെയായ ബി സി കൗണ്ടൗരിയെ മാറ്റി കല്‍രാജ് മിശ്രയെ നിയമിച്ചിരുന്നു. സംഘപരിവാര മേഖലയില്‍ നല്ല പിടിപാടുള്ള ജോഷിയെ സമാനമായ രീതിയില്‍ മാറ്റാനാവില്ലെങ്കിലും മറ്റംഗങ്ങളെ സ്വാധീനിക്കാനാണു ശ്രമം. ചെയര്‍മാന്‍സ്ഥാനത്ത് ജോഷിക്ക് 2019 ഏപ്രില്‍ വരെ കാലാവധിയുണ്ട്.

RELATED STORIES

Share it
Top