റിപബ്ലിക് ദിന ക്ഷണം നിരസിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്

ന്യൂഡല്‍ഹി: അടുത്ത റിപബ്ലിക് ദിന ആഘോഷ പരിപാടിയില്‍ മുഖ്യാ—തിഥിയാവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരസിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ യുഎസ് അധികൃതര്‍ രേഖാമൂലം അറിയിച്ചതായാണ് റിപോര്‍ട്ട്. ജനുവരിയില്‍ അമേരിക്കയില്‍ നടക്കുന്ന സ്‌റ്റേറ്റ് ഓഫ് യൂനിയന്‍ അഡ്രസസില്‍ പങ്കെടുക്കേണ്ടതിനാലാണ് ക്ഷണം നിരസിക്കുന്നതെന്നാണ് വൈറ്റ്ഹൗസ് നല്‍കുന്ന വിശദീകരണം.
ഏപ്രില്‍ മാസത്തിലാണ് ട്രംപിനെ റിപബ്ലിക്ക് ദിന ചടങ്ങിലേക്ക് മുഖ്യാഥിതിയായി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചത്. ഇക്കാര്യം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തിരുന്നു. ക്ഷണം സ്വീകരിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം അമേരിക്കയുടെയും ഇന്ത്യയുടെയും പ്രതിരോധ വിദേശമന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തിനുശേഷം എടുക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നു. അതേസമയം, ക്ഷണം നിരസിച്ചത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ച് റഷ്യയില്‍ നിന്ന് ട്രയംഫ് 400 മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനവും ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നടപടികളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു.

RELATED STORIES

Share it
Top