റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി മോഷണം

ചീമേനി (തൃക്കരിപ്പൂര്‍): ചീമേനിയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്ത് അറുത്തു കൊലപ്പെടുത്തി. ഭര്‍ത്താവിനെ കഴുത്തില്‍ വെട്ടേറ്റ് ഗുരുതര നിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിയന്നൂര്‍ സ്‌കൂള്‍ പരിസരത്തെ പി വി ജാനകി(65)യാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് റിട്ടയേര്‍ഡ് അധ്യാപകന്‍ കളത്തേര കൃഷ്ണ (72) നാണു  ഗുരുതരാവസ്ഥയിലുള്ളത്. ജാനകി അണിഞ്ഞിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന സ്വര്‍ണ മോതിരവും 60,000 രൂപയും കവര്‍ന്നു. കഴിഞ്ഞദിവസം രാത്രി 11ഓടെയാണു സംഭവം. മുഖംമൂടി ധരിച്ച മൂന്നംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് കൃഷ്ണന്‍ മൊഴി നല്‍കി.നീലേശ്വരം സിഐയുടെ നേതൃത്വത്തില്‍ ചീമേനി പോലിസാണ് കേസ് അന്വേഷിക്കുന്നത്. ഒറ്റപ്പെട്ട വീട്ടിലാണു ജാനകിയും കൃഷ്ണനും താമസിച്ചുവരുന്നത്. സമീപത്ത് വീടുകളില്ല. കൃഷ്ണന്‍-ജാനകി ദമ്പതികള്‍ക്കു നാലു മക്കളുണ്ടെങ്കിലും എല്ലാവരും വെവ്വേറെ വീടുകളിലാണു താമസം.  സംഭവം കൃഷ്ണന്‍ തന്നെയാണു ചീമേനി പോലിസ് സ്‌റ്റേഷനില്‍ ഫോണില്‍ വിളിച്ചറിയിച്ചത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഹിന്ദി സംസാരിച്ചതായും കൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പരിക്കു ഗുരുതരമായതിനാല്‍ കൃഷ്ണന്റെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.  ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍, ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി കെ ദാമോദരന്‍, നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. മക്കള്‍: ഡോ. മനോജ് (കോട്ടയം), ഗീത (അധ്യാപിക, ഉദിനൂര്‍), പ്രീത, മഹേഷ് (ആര്‍ക്കിടെക്റ്റ്). മരുമക്കള്‍: സുധീര, രാമചന്ദ്ര, ഡെന്നീസ്, ചന്ദന.

RELATED STORIES

Share it
Top