റിട്ട. അധ്യാപകന്റെയും ഭാര്യയുടെയും തിരോധാനം; പരാതി നല്‍കിയിട്ടും പോലിസ് അന്വേഷിക്കുന്നില്ലെന്ന് ആക്ഷന്‍ കമ്മിറ്റി

കല്‍പ്പറ്റ: കാര്യമ്പാടിയിലെ വാടകവീട്ടില്‍ നിന്നു ഉടമയും സഹായികളും ചേര്‍ന്നു നിയമവിരുദ്ധമായി ഒഴിപ്പിച്ച റിട്ട. ചിത്രകലാധ്യാപകന്‍ കൃഷ്ണന്‍കുട്ടി തമ്പിയുടെയും ഭാര്യയുടെയും തിരോധാനത്തെക്കുറിച്ച് പരാതി നല്‍കിയിട്ടും മീനങ്ങാടി പോലിസ് അന്വേഷിക്കുന്നില്ലെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വി ഡി സുഗതന്‍, അനില്‍ കരണി, സലാം കാര്യമ്പാടി, ഐ എന്‍ ജനാര്‍ദ്ദനന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കൃഷ്ണന്‍കുട്ടി തമ്പിയെ മതം മാറ്റാനുള്ള ശ്രമം വിഫലമായപ്പോഴാണ് ഉടമ അന്യായമായി ഒഴിപ്പിച്ചത്. പോലിസ് വിളിപ്പിച്ചതനുസരിച്ച് കൃഷ്ണ്‍കുട്ടി തമ്പിയും ഭാര്യയും ഇക്കഴിഞ്ഞ 20നു വീടുപൂട്ടി സ്റ്റേഷനിലേക്കു പോയി. ഈ തക്കത്തിനാണ് ഉടമയും സഹായികളും പൂട്ടിയിട്ടിരുന്ന വീട് കൈവശപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ പുറത്തിട്ടു. തന്റെ അസാന്നിധ്യത്തില്‍ ഉടമയും സംഘവും വീട്ടില്‍ അതിക്രമിച്ചുകയറി സാധനങ്ങള്‍ പുറത്തിടുകയും നശിപ്പിക്കുകയും ചെയ്തതിനെതിരേ കൃഷ്ണന്‍കുട്ടി തമ്പി പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹവും ഭാര്യയും കാര്യമ്പാടി വിട്ടത്.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ഇല്ലാത്ത സാഹചര്യത്തിലാണ് ദമ്പതികളുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പോലിസില്‍ പരാതി നല്‍കിയത്. പോലിസ് നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

RELATED STORIES

Share it
Top