റാന്നി മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നുറാന്നി: റാന്നി മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാവുന്നു. കെട്ടിട സമുച്ചത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ടാം ബ്ലോക്ക് 20ന് വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാവും. മന്ത്രി ഇ ചന്ദ്രശേഖരന്‍ താക്കോല്‍ കൈമാറ്റവും പൊതുസമ്മേളനം ഉദ്ഘാടനവും നിര്‍വഹിക്കും. മന്ത്രി മാത്യു ടിതോമസ് മുഖ്യപ്രഭാഷണം നടത്തും. മിനി സിവില്‍ സ്റ്റേഷന്റെ  ആദ്യഘട്ടം 8.23 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളിലായി പ്രവര്‍ത്തിച്ചുവരുന്ന 23 സര്‍ക്കാര്‍ ഓഫിസുകള്‍ ഇവിടേക്ക് പ്രവര്‍ത്തനം മാറ്റും. രണ്ടാംഘട്ടത്തിന്റെ നിര്‍മാണം കൂടി പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ വലിയ മിനി സിവില്‍ സ്‌റ്റേഷനുകളില്‍ ഒന്നായി റാന്നി മിനി സിവില്‍ സ്‌റ്റേഷന്‍ മാറും. ഇതോടെ 41 ലധികം സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാനാവും. താലൂക്കാസ്ഥാനത്ത് റാന്നി, അങ്ങാടി, പഴവങ്ങാടി  പഞ്ചായത്തുകളിലായി ചിതറിക്കിടക്കുന്ന സര്‍ക്കാ ര്‍ ഓഫിസുകളെയെല്ലാം ഒരു കുടക്കീഴിലാക്കുക എന്ന ആശയമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാവുന്നത്. നേരത്തേ താലൂക്കിന്റെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പല കാര്യങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ ഓഫിസുകളിലേക്കെത്തുന്നവര്‍  ദീര്‍ഘദൂരം സഞ്ചരിച്ചായിരുന്നു ഒരു ഓഫിസില്‍ നിന്നും  മറ്റൊരു ഓഫിസിലേക്ക് എത്തിയിരുന്നത്. ഇനി ഇവര്‍ക്ക് ഒരേ കോംപൗണ്ടില്‍ തന്നെയുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവും. പൊതുമേഖലാ സ്ഥാപനമായ കേരള കണ്‍സ്ട്രക്ഷന്‍ കേര്‍പ്പറേഷനാണ് പ്രവത്തികളുടെ കരാര്‍ ഏറ്റെടുത്തിരുന്നത്.

RELATED STORIES

Share it
Top