റാന്നി ഉപാസന-പെരുമ്പുഴ കടവുകളെ ബന്ധിപ്പിച്ച് പുതിയ പാലം

പത്തനംതിട്ട: പമ്പാ നദിയില്‍ ഇരുകരകളെയും ബന്ധിപ്പിച്ച്  പുതിയ പാലം നിര്‍മിക്കുന്നു. നിലവിലുള്ള റാന്നി വലിയപാലത്തിന് തൊട്ടുതാഴെ ഉപാസന-പെരുമ്പുഴ കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. ഇതിനായി 27 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ഇപ്പോള്‍ സാങ്കേതികാനുമതി ലഭിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു.
369 മീറ്റര്‍ നീളമുള്ള പാലം നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ജില്ലയിലെതന്നെ ഏറ്റവും നീളംകൂടിയ പാലമാകും ഇത്. നദിയില്‍ മുന്നു തൂണുകളിലായി 45 മീറ്ററിന്റെ മുന്നു സ്പാനുകളും ഇരുകരകളിലുമായി  26 മീറ്ററിന്റെ ഒമ്പത് സ്പാനുകളുമാണ് പാലത്തിന് ഉണ്ടാവുക. പുതിയ പാലം നിര്‍മ്മിച്ചാലും ഇരു കടവുകളിലേക്കുള്ള ഗതാഗതവും തടസ്സപ്പെടുന്നില്ല. ഇതുകൂടാതെ പാലത്തിന്റെ റാന്നി കരയില്‍ രാമപുരം-ബ്ലോക്കുപടി രണ്ട് കിലോമീറ്റര്‍ റോഡ് അപ്രോച്ച് റോഡിന്റെ ഭാഗമായി വീതികൂട്ടി അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിക്കും.
ഇതോടെ മിനര്‍വ്വ ജങ്ഷന്‍മുതല്‍ ബ്ലോക്കുപടി വരെയുള്ള പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമാന്തര പാത തീരുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇവിടെ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താനും സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്കുണ്ടായാല്‍ വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിടാനും കഴിയും. റാന്നി താലൂക്ക് ആസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായിട്ടാണ് പമ്പാനദിക്കു കുറുകെ രണ്ടാമതൊരു പാലം എന്ന ആശയം ഉണ്ടായത്.  പുതിയ പാലം തീരുന്നതോടെ റാന്നി ടൗണിന്റെ മുഖച്ഛായതന്നെമാറും. പേട്ട, റാന്നി ടൗണുകള്‍ നേരിട്ട് ബന്ദപ്പെടുത്തുകയും ചെയ്യും. തിരുവല്ല, മല്ലപ്പളളി ഭാഗത്തുനിന്നും എത്തുന്നവര്‍ക്ക് ഗതാഗതത്തിരക്കേറിയ മാമുക്കുവഴി പോകാതെ നേരിട്ട് റാന്നി ടൗണിലേക്ക് പുതിയ പാലത്തിലൂടെ പോകാനാകും. ഇതോടെ പേട്ട, പിജെടി, മാമുക്ക്, ഇട്ടിയപ്പാറ, ബ്ലോക്കുപടി ജങ്ഷനുകളിലെ ഗതാഗതത്തിരക്ക് കുറയും.
പുതിയ പാലം വരുന്നതോടെ ബ്ലോക്കുപടി-തിരുവാഭരണ പാതയും തുടര്‍ന്ന് വലിയകലുങ്ക് വരെയുള്ള ബണ്ട് റോഡും പുതിയ വികസനങ്ങള്‍ക്ക് വഴിതെളിക്കും. ഭാവിയില്‍ വലിയകലുങ്ക് വരെ സംസ്ഥാന പാതയ്ക്ക് സമാന്തരമായി റോഡു വരാനുളള സാധ്യതയും തെളിഞ്ഞു. പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍തന്നെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള നടപടികള്‍ ചീഫ് എഞ്ചിനീയര്‍ ആരംഭിച്ചു.

RELATED STORIES

Share it
Top