റാന്നിയിലെ പുതിയ പാലം: നിര്‍മാണം ടെന്‍ഡര്‍ ചെ

യ്തുറാന്നി: ജില്ലയിലെ ഏറ്റവും നീളംകൂടിയ പാലത്തിന്റെ നിര്‍മാണം ടെന്‍ഡര്‍ ചെയ്തു. പമ്പാനദിക്ക് കുറുകെ റാന്നി പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന 369 മീറ്റര്‍ നീളമുള്ള  പാലത്തിന് 27 കോടി രൂപയായിരുന്നു എസ്റ്റിമേറ്റില്‍ വകയിരുത്തിയിരുന്നത്.
ഏറ്റവും കുറഞ്ഞ തുകയായ ക്വോട്ട് ചെയ്ത കോണ്ടൂര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണച്ചുമതലയെന്ന് രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു.
പാലം കൂട്ടിമുട്ടിയ്ക്കുന്ന റാന്നി കരയിലെ പെരുമ്പുഴ കടവിലേക്കും അങ്ങാടി കരയിലെ ഉപാസനക്കടവിലേക്കും ഉളള ഗതാഗതം തടസപ്പെടാത്ത രീതിയിലുള്ള നിര്‍മ്മാണമാണ് പാലത്തിന് ഉള്ളത്. നദിയിലെ മൂന്നു തൂണുകളിലായി 45 മീറ്ററിന്റെ മൂന്ന് സ്പാനുകളും ഇരുകരകളിലുമായി 26 മീറ്ററിന്റെ ഒമ്പത് സ്പാനുകളുമാണ് പാലത്തിന് ഉണ്ടാവുക. ബ്ലോക്കുപടി മുതല്‍ രാമപുരം വരെയുള്ള നിലവിലുള്ള വീതി കുറഞ്ഞ റോഡ് പാലത്തിന്റെ അപ്രോച്ച് റോഡായി ഏറ്റെടുത്ത് വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിക്കും എന്ന പ്രത്യേകതയും ഉണ്ട്. ഇതോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമാന്തരമായി ബ്ലോക്കുപടി മുതല്‍ മിനര്‍വ്വ ജങ്ഷന്‍ വരെ പുതിയ പാത രൂപപ്പെടുന്നതിനാല്‍ ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ ടൗണുകളിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താനും സംസ്ഥാന പാതയില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടാനുളള സൗക്യര്യവും ഉണ്ടാകും.
വേനല്‍ക്കാലത്തു തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചാല്‍ മഴക്കാലത്ത് വെള്ളപ്പൊക്കം മൂലം പണി തടസപ്പെടുന്നത് ഒഴിവാക്കാനാവും. ഇതിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണെന്നും എംഎല്‍എ പറഞ്ഞു.

RELATED STORIES

Share it
Top