'റാണി- ചിത്തിര കായലുകളെ ജൈവ നെല്‍വിത്ത് ഉല്‍പാദന കേന്ദ്രങ്ങളാക്കും'ആലപ്പുഴ: റാണി, ചിത്തിര കായല്‍ പാടശേഖരങ്ങളെ ജൈവ നെല്‍വിത്ത് ഉല്‍പാദന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കാല്‍നൂറ്റാണ്ടിനുശേഷം കൃഷിയിറക്കിയ റാണി കായല്‍ പാടശേഖരത്തെ കൊയ്ത്ത് ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സീഡ് അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ പരിശോധന ഉടന്‍ നടത്തും. കുട്ടനാട്ടില്‍ വിത്ത് ഉല്‍പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം റാണി- ചിത്തിര ബ്ലോക്കുകളെ ജൈവ നെല്‍വിത്തിന്റെ കേന്ദ്രമാക്കാനാണ് ശ്രമം. സംസ്ഥാനത്ത് നെല്‍വിത്ത് ഉല്‍പാദനത്തിനായി 3,800 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. വരള്‍ച്ചമൂലം പലയിടത്തും കൃഷി ഇറക്കാനായില്ല. 770 ഹെക്ടറായി ഇതു ചുരുങ്ങി. അടുത്ത സീസണില്‍ 10,000 ടണ്‍ നെല്‍വിത്താണ് വേണ്ടത്. നിലവില്‍ 3,800 ടണ്‍ മാത്രമാണുള്ളത്. വിത്ത് ലഭ്യമാക്കുന്നതിനായി ദേശീയ സീഡ് അതോറിറ്റിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. വിത്തിന്റെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു.
വരള്‍ച്ച കൃഷിയെയും ഉല്‍പദനത്തെയും സാരമായി ബാധിച്ചെന്ന് മന്ത്രി പറഞ്ഞു. വരള്‍ച്ച മൂലം പാലക്കാട് ജില്ലയില്‍ 10,000 ഹെക്ടറില്‍ കൃഷിയിറക്കാനായിട്ടില്ല. തൃശൂരും ഈ അവസ്ഥയാണുള്ളത്. അസാധാരണമായ വിളനഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണം. പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരെ ഡല്‍ഹിയിലെത്തി കാണും. സര്‍ക്കാര്‍ 15,000 ഏക്കര്‍ സ്ഥലത്ത് പുതുതായി കൃഷിയിറക്കി. 90,000 ഹെക്ടര്‍ സ്ഥലം നിലവില്‍ തരിശുകിടക്കുന്നു. ഒരിഞ്ചുഭൂമി പോലും തരിശിടാതെ കൃഷിയിറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.കൃഷി നഷ്ടത്തിലാണെന്ന് പ്രചരിപ്പിച്ച് പുതുതലമുറയെ കൃഷിയില്‍നിന്ന് അകറ്റുന്ന പ്രവണത മാറ്റണം. കൃഷിയെ സാമൂഹിക ഉത്തരവാദിത്തമായി കാണണമെന്നും പാടം നികത്തല്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനമാണെന്നും മന്ത്രി പറഞ്ഞു.
റാണിയില്‍ 525 ഏക്കറിലാണ് കൃഷിയിറക്കിയത്. 210 ഹെക്ടര്‍ വരുന്ന റാണിയില്‍ 1992 ലാണ് അവസാനമായി കൃഷിയിറക്കിയത്. 139.10 ഹെക്ടര്‍ നിലം 570 ഭൂവുടമകളുടെ പക്കലാണുള്ളത്. 81.16 ഹെക്ടര്‍ റവന്യൂ ഭൂമിയാണ്. റാണി- ചിത്തിര കായലുകളുടെ പുറംബണ്ട് 24.75 ലക്ഷം രൂപ മുടക്കി പൈല്‍ ആന്റ് സ്ലാബ് ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. റാണി- ചിത്തിരയില്‍ കൃഷിയിറക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 13-ാം ധനകാര്യ കമ്മീഷനില്‍ ഉള്‍പ്പെടുത്തി 3.69 കോടി രൂപ അനുവദിച്ചിരുന്നു. 90 ലക്ഷം രൂപ മുടക്കിയാണ് ഇരു കായലുകളിലേക്കും വൈദ്യുതിയെത്തിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ സുകുമാരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മധു സി കൊളങ്ങര, കമലമ്മ ഉദയാനന്ദന്‍, സുശീല ബാബു, എ ജി അബ്ദുള്‍ കരീം, എ ശിവരാജന്‍, എ ഡി കുഞ്ഞച്ചന്‍, ജെ മണി പ്രസംഗിച്ചു.

RELATED STORIES

Share it
Top