റാഗിങ്: പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന്

ചാവക്കാട്: ഒരുമനയൂര്‍ ഇസ്‌ലാമിക് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ ഐജിക്ക് അടക്കം പരാതി നല്‍കി ഒരു മാസമായിട്ടും നടപടിയായില്ലെന്ന് രക്ഷിതാവായ എടക്കഴിയൂര്‍ കുളങ്ങര വീട്ടില്‍ ജമാല്‍ ചാവക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ അധികൃതര്‍ ഗേറ്റ് തുറന്നുകൊടുത്ത് പുറത്തുനിന്നുള്ള സംഘത്തെ സ്‌കൂള്‍ വളപ്പില്‍ പ്രവേശിപ്പിക്കുകയും അവര്‍ വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയുമായിരുന്നെന്ന് ജമാല്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ ആശുപത്രിയിലേക്ക് അതിക്രമിച്ചുകയറിയ സംഘം സുല്‍ത്താ ന്‍ എന്ന വിദ്യാര്‍ഥിയെ പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തി മര്‍ദിച്ചു. ഇക്കാര്യം ആശുപത്രി അധികൃതര്‍ പോലിസിനെ അറിയിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല. മാനേജ്‌മെ ന്റ്, ഇരകളായ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്യുന്ന വിചിത്രമായ നിലപാടാണ് സ്വീകരിച്ചത്.
കുട്ടികളുടെ മൊഴിയെടുത്ത പോലിസ് റാഗിങ് എന്ന പദപ്രയോഗം ഒഴിവാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ സപ്തംബര്‍ 19ന് ഐജിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top