റാഗിങ് കേസുകള്‍ വര്‍ധിച്ചു; റാഗിങ് വിരുദ്ധ സെല്ലുകള്‍ നിര്‍ജീവം

പി വി മുഹമ്മദ് ഇഖ്ബാല്‍

കോഴിക്കോട്: കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ റാഗിങ് കേസുകള്‍ വര്‍ധിച്ചതായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം. 2015ല്‍ യുജിസി ആസ്ഥാനത്തു ലഭിച്ച റാഗിങ് പരാതികള്‍ 423 എണ്ണമായിരുന്നെങ്കില്‍ 2016ല്‍ 5215 ആയി വര്‍ധിച്ചു. 2017ല്‍ 901 പരാതികളും ലഭിച്ചു. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ യുജിസിക്ക് ലഭിച്ചത്. അവസാന മൂന്നുവര്‍ഷങ്ങളിലായി 1,839 പരാതികള്‍ ലഭിച്ചതില്‍ 812 എണ്ണത്തില്‍ വിദ്യാര്‍ഥികളെ ശിക്ഷിച്ചു. 309 കേസുകളില്‍, പഠിച്ചിരുന്ന കോളജുകളില്‍ നിന്നു പുറത്താക്കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നാഗാലാന്‍ഡ്, ആന്തമാന്‍ നിക്കോബാര്‍, ദാമന്‍ ദ്യൂ, ദാദ്ര നാഗര്‍ഹവേലി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് ഒരു റാഗിങ്ങ് കേസ് പോലും കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. റാഗിങുമായി ബന്ധപ്പെട്ട കേസുകള്‍ കേരളത്തില്‍ പലപ്പോഴും പോലിസിനെയോ സര്‍വകലാശാലയെയോ യുജിസിയെയോ അറിയിക്കാതെ ഒതുക്കിത്തീര്‍ക്കുകയാണ്്. യുജിസി പുറത്തുവിട്ട ടോള്‍ഫ്രീ നമ്പറില്‍ റാഗിങ് സംബന്ധിച്ച് പരാതിപ്പെട്ടാല്‍ കോളജുകളില്‍ തോല്‍പിക്കുമെന്ന മുന്നറിയിപ്പ് അധ്യാപകരും കാംപസുകള്‍ അടക്കി ഭരിക്കുന്ന വിദ്യാര്‍ഥിസംഘടനകളും നല്‍കുന്നതിനാല്‍ റാഗിങിനിരയായവര്‍ പരാതിയില്‍ നിന്നു പിന്‍മാറുകയാണു പതിവ്. സര്‍വകലാശാലാ ആസ്ഥാനങ്ങളിലും കോളജ് തലങ്ങളിലും റാഗിങ് വിരുദ്ധ സെല്ലുകള്‍ രൂപീകരിക്കണമെന്ന നിര്‍ദേശംപോലും പല സ്ഥാപനങ്ങളും നടപ്പാക്കിയിട്ടില്ല. കോളജുകളില്‍ റാഗിങ് വിരുദ്ധ സെല്ലിന്റെ ചുമതലയുള്ള അധ്യാപകരുടെ ലിസ്റ്റും സര്‍വകലാശാലകളില്‍ ഇല്ലെന്നാണു പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. കോളജുകളില്‍ പ്രതിവര്‍ഷമുള്ള കോഴ്‌സ് പ്രവേശന സമയങ്ങളില്‍ റാഗിങിനെതിരേ അവബോധം സൃഷ്ടിക്കുന്ന പ്രചാരണം നടത്തണമെന്ന് കോടതികളും യുജിസിയും സ്ഥിരമായി ആവശ്യപ്പെടാറുണ്ട്. എന്നാല്‍, റാഗിങ് നടക്കുന്ന സ്ഥാപനമാണെന്നു ധരിച്ച് വിദ്യാര്‍ഥികള്‍ വരില്ലെന്ന ആശങ്കയാല്‍ ഇതു സംഘടിപ്പിക്കാറില്ല. കാംപസുകളിലെ റാഗിങ് കേസുകള്‍ പലപ്പോഴും വിദ്യാര്‍ഥിസംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാക്കി പ്രിന്‍സിപ്പല്‍മാരും വൈസ് ചാന്‍സലര്‍മാരും ഒതുക്കിത്തീര്‍ക്കാറാണു പതിവ്. റാഗിങ് കേസുകളിലെ പ്രതികള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനകളില്‍പ്പെട്ടവരാകുന്നതു കാരണമാണ് ഡല്‍ഹിയിലെ യുജിസി ആസ്ഥാനത്തുള്ള റാഗിങ് വിരുദ്ധ സെല്ലില്‍ ഇത്തരം കേസുകള്‍ റിപോര്‍ട്ട് ചെയ്യാത്തത്.

RELATED STORIES

Share it
Top