റാക്ബറിനെ അവര്‍ തല്ലിക്കൊന്നു; അനാഥരായി ഏഴ് മക്കള്‍

[caption id="attachment_402814" align="alignnone" width="560"] ഞെട്ടല്‍ മാറാതെ.. റാക്ബറിന്റെ കുടുംബക്കാരും നാട്ടുകാരും[/caption]

നൂഹ്(ഹരിയാന): 31കാരനായ റാക്ബര്‍ ഖാന്‍ സ്‌കൂളില്‍ പോയിട്ടില്ല. പശുക്കളെ കറന്ന് കിട്ടുന്ന പാല്‍ വിറ്റും അടുത്തള്ള ക്വാറിയില്‍ പാര്‍ട്ട് ടൈം ജോലിചെയ്തുമായിരുന്ന ഏഴ് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്. എന്നാല്‍, ഒറ്റ രാത്രി കൊണ്ട് ഹിന്ദുത്വര്‍ ആ കുടുംബത്തെ അനാഥമാക്കി. ഇരുട്ടിന്റെ മറവിയില്‍ പതിയിരുന്ന ക്രൂരതയുടെ ആള്‍രൂപങ്ങള്‍ ഇരുമ്പ് ദണ്ഡുകളും വടികളുമുപയോഗിച്ച് ആ പാവത്തെ തല്ലിക്കൊന്നു. ചെയ്ത കുറ്റം, തന്റെ ജീവിത മാര്‍ഗമായ പശുക്കളുമായ രാജസ്ഥാന്‍ വഴി യാത്ര ചെയ്തത്.

കഷ്ടപ്പെട്ടാണ് അവന്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിച്ചിരുന്നത്. എല്ലാം പോയി, ഇനി കൂടുംബത്തെ ആര് നോക്കും. ഭാര്യ അസ്മിനയ്ക്കും വിദ്യാഭ്യാസമില്ല. മക്കളില്‍ ഏറ്റവും മൂത്തത് പെണ്‍കുട്ടിയാണ്. പ്രായം 12 വയസ്സ് മാത്രം. ഇളയ കുട്ടിക്ക് ഒരു വയസ്സ് മാത്രമേ ആയുള്ളു-അമ്മാവന്‍ മുല്‍ത്താന്‍ പറഞ്ഞു. എല്ലാവരോടും കരുണയോടെ മാത്രം ഇടപഴകാറുള്ളയാളായിരുന്നു റാക്ബറെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 13ാം വയസില്‍ വിവാഹിതനായ അവന് വലിയ ഭാരമാണ് ജീവിതത്തില്‍ താങ്ങേണ്ടി വന്നത്.

കാല്‍ഗാവ് ഗ്രാമത്തിലെ ഭൂരിഭാഗവും ചെയ്യുന്ന പോല പശുക്കളെ കറന്ന് പ്രദേശത്തുള്ള വലിയ ഡയറികളില്‍ എത്തിക്കുകയായിരുന്നു റാക്ബറും ചെയ്തിരുന്നത്. എരുമകള്‍ക്ക് ലക്ഷത്തിലേറെ വിലയുള്ളത് കൊണ്ട് അവയെ വാങ്ങാന്‍ റാക്ബറിന് സാധിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ നാലോ അഞ്ചോ പശുക്കളെ കൊണ്ടാണ് ജീവിതം കഴിഞ്ഞിരുന്നതെന്നും മുല്‍ത്താന്‍ പറഞ്ഞു.

ചെറിയ ഏഴ് മക്കളുള്ളതിനാല്‍ ആസ്മിനയ്ക്ക് ഇനി മറ്റൊരു വിവാഹം പോലും അസാധ്യമാവുമെന്ന് ബന്ധുക്കളിലൊരാളായ മുഹമ്മദ് യൂസുഫ് പറഞ്ഞു. ആ കുടുംബത്തിന് ഭാവി ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.

രണ്ട് വിവാഹങ്ങളിലായി ആറ് മക്കളുള്ള റാക്ബറിന്റെ പിതാവ് സുലൈമാനും പാല്‍ വിറ്റാണ് ജീവിക്കുന്നത്. റാക്ബറിന്റെ സഹോദരങ്ങളായ ഇല്‍യാസും സമീനും ദിവസക്കൂലിക്കാരാണ്. കടുത്ത ദാരിദ്ര്യം മൂലം സുലൈമാന് തന്റെ മക്കളെയൊന്നും സ്‌കൂളില്‍ അയക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇനി റാക്ബറിന്റെ കുടുംബവും അതേ വിധിയാണ് നേരിടാന്‍ പോവുന്നതെന്ന് അമ്മാവന്‍ മുഹമ്മദ് ഉമര്‍ പറഞ്ഞു.

റാക്ബറിനോടൊപ്പം പശുക്കളുമായി കാണ്‍പൂരിലേക്ക് യാത്ര ചെയ്തിരുന്ന സുഹൃത്ത് അസ്‌ലമും സ്‌റ്റോണ്‍ ക്വാറിയിലാണ് ജോലി ചെയ്യുന്നത്. ഇരുട്ടില്‍ ചെടികളുടെ മറവിലൊളിച്ചാണ് വെള്ളിയാഴ്ച്ച നടന്ന ഹിന്ദുത്വരുടെ ആക്രമണത്തില്‍ നിന്ന് അസ്‌ലം രക്ഷപ്പെട്ടത്.അവന്‍ പോയെന്ന് വിശ്വസിക്കാനാവുന്നില്ല. ചെയ്യാത്ത തെറ്റിനാണ് ആ പാവത്തിനെ അവര്‍ തല്ലിക്കൊന്നത്. കാണ്‍പൂരില്‍ നിന്ന് പശുക്കളുമായി വരികയായിരുന്നു ഞങ്ങള്‍. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലുള്ള ലാല്‍വാണ്ടി ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു ആക്രമണം. നേരത്തേ പ്രദേശത്ത് പശുക്കളുമായി പോവുന്നവര്‍ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുള്ളതിനാലാണ് രാത്രിയില്‍ യാത്ര തീരുമാനിച്ചത്. റോഡിലൂടെ പോവുന്നതിനിടെ മോട്ടോര്‍ സൈക്കിളുകളുടെ ബഹളം കേട്ട് പശുക്കള്‍ തൊട്ടടുത്ത പാടത്തേക്കിറങ്ങിയിരുന്നു. അവയെ വലിച്ച് റോഡിലേക്കെത്തിക്കുന്നതിടയിലാണ് ഏഴംഗ സംഘം തീപ്പന്തങ്ങളും വടികളും മറ്റുമായി വളഞ്ഞത്.

[caption id="attachment_402825" align="alignleft" width="276"] അസ്‌ലം[/caption]

അവര്‍ക്ക് ഞങ്ങളെ പോലിസിന് കൈമാറാനൊന്നും ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. പരസ്പരം പേര് വിളിച്ച് അവന്റെ കൈയൊടിക്കൂ, കാല്‍ തകര്‍ക്കൂ, തലയ്ക്കടിക്കൂ എന്നൊക്കെ അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. റാക്ബര്‍ അലറി വിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇരുട്ടില്‍ ഒളിച്ചിരുന്ന എനിക്ക് പുറത്തേക്ക് വരാന്‍ ധൈര്യം വന്നില്ലെന്ന് അസ്‌ലം കരഞ്ഞു കൊണ്ട് പറഞ്ഞു. അപ്പോഴും അസ്‌ലമിന്റെ മുഖത്തു ഭീതി മാറിയിട്ടുണ്ടായിരുന്നില്ല.

600ഓളം വീടുകളുള്ള റാക്ബറിന്റെ  ഗ്രാമമായ നൂഹില്‍ ചുരുക്കം ഹിന്ദു വീടുകളേയുള്ളു. ഞങ്ങള്‍ അവരെ ഒരിക്കലും ഉപദ്രവിച്ചിരുന്നില്ല. വളരെ സൗഹാര്‍ദ്ദത്തിലാണ് കഴിഞ്ഞിരുന്നത്. വിവാഹത്തിനും മറ്റു ചടങ്ങുകള്‍ക്കുമൊക്കെ പരസ്പരം സന്ദര്‍ശിക്കും. എന്നാല്‍, ഗ്രാമത്തിന് പുറത്തെത്തിയാല്‍ ഞങ്ങള്‍ ഈ രാജ്യക്കാര്‍ പോലുമല്ലെന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റമെന്ന് പ്രദേശവാസിയായ ഫിറോസ് പറയുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top