റഷ്യ ശീതസമര കാലഘട്ടത്തെ ധാരണ ലംഘിക്കുന്നുവെന്ന് യുഎസ്‌

വാഷിങ്ടണ്‍: ലോകത്തിന്റെ ഏതു ഭാഗത്തും എത്താന്‍ കഴിവുള്ള അത്യാധുനിക അണ്വായുധം നിര്‍മിക്കുന്നതിലൂടെ റഷ്യ ശീതസമര കാലത്തെ ധാരണ ലംഘിക്കുകയാണെന്നു യുഎസ്. രാജ്യത്തെ പ്രതിരോധിക്കാന്‍ യുഎസ് സൈന്യം പൂര്‍ണമായി സജ്ജമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സന്‍ അറിയിച്ചു. മാരക പ്രഹരശേഷിയുള്ള അദൃശ്യ അണ്വായുധം റഷ്യ വികസിപ്പിച്ചെടുത്തതായി പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
ഒരു പതിറ്റാണ്ടോളമായി ശീതകാല കരാര്‍ ലംഘിക്കുന്ന തരത്തില്‍ റഷ്യ അണ്വായുധങ്ങള്‍ വികസിപ്പിക്കുകയാണ്. ഈ നൂറ്റാണ്ടില്‍ യുഎസും സഖ്യകക്ഷികളും അഭിമുഖീകരിക്കുന്ന ഭീഷണികളെക്കുറിച്ച് പ്രസിഡന്റ് ട്രംപ് ബോധവാനാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ശക്തിയിലൂടെ സമാധാനം നിലനിര്‍ത്താനുമാണ് തീരുമാനമെന്നും സാന്‍ഡേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.
യുഎസിന്റെ അണ്വായുധ വികസനത്തിനു മറുപടിയായാണ് റഷ്യ പുതിയ അണ്വായുധങ്ങള്‍ നിര്‍മിച്ചതായി പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. പുതുതായി രൂപകല്‍പന ചെയ്ത അണ്വായുധങ്ങളുടെ വീഡിയോ ഫൂട്ടേജുകളും പ്രദര്‍ശിപ്പിച്ചിരുന്നു. വാര്‍ഷിക ദേശീയ പ്രസംഗത്തില്‍ പാര്‍ലമെന്റംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
റഷ്യക്കും അതിന്റെ സഖ്യകക്ഷികള്‍ക്കുമെതിരായ ഏത് ആക്രമണവും ശക്തവും സത്വരവുമായ തിരിച്ചടി ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലിലും കടലിലൂടെ സഞ്ചരിക്കുന്ന ഡ്രോണുകളിലും സൂപ്പര്‍സോണിക് ലേസര്‍ ആയുധങ്ങളിലും ഘടിപ്പിക്കാന്‍ സാധിക്കുംവിധമുള്ള ചെറിയ ആണവ പോര്‍മുനകള്‍ തുടങ്ങിയവ റഷ്യ വികസിപ്പിച്ചു കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു.

RELATED STORIES

Share it
Top