റഷ്യ കീഴടക്കാന്‍ കാളക്കൂറ്റന്‍മാര്‍
ജലീല്‍ വടകര

ടിക്കിടാക്ക കളിയഴകുമായി ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിക്കാന്‍ സ്‌പെയിന്‍ വീണ്ടുമെത്തുന്നു. കൡക്കരുത്തും താരസമ്പന്നതയും ഏറെയുള്ള സ്‌പെയിന് തന്നെയാണ് ഇത്തവണ ഏറ്റവും കൂടുതല്‍ കിരീട സാധ്യതയും.  ഈ വര്‍ഷം നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫുട്‌ബോള്‍ കരുത്തരായ അര്‍ജന്റീനയെ 6-1ന് പരാജയപ്പെടുത്തിയത് എതിരാളികള്‍ക്കുള്ള മുന്നറിയിപ്പാണ്. രണ്ടാമതൊരു ഫുട്‌ബോള്‍ ലോകകപ്പ് കിരീടം സ്വന്തം നാട്ടിലേക്കെത്തിക്കാനാണ് സ്‌പെയിന്‍ എന്ന ഫുട്‌ബോളിലെ ഉഗ്രരൂപം റഷ്യയില്‍ ലക്ഷ്യം വെക്കുന്നത്. 2008ലെ യൂറോകപ്പ് ഫൈനലില്‍ ജര്‍മനിയെ പരാജയപ്പെടുത്തി കപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്‌പെയിന്‍ 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് നടന്ന ലോകകപ്പിലിറങ്ങിയത്. അന്ന് ആദ്യമായി ഫൈനലിലെത്തിയ കാളക്കൂട്ടം ഈ ലോകകപ്പില്‍ തന്നെ കിരീടം ചൂടിയാണ് തങ്ങളുടെ ഫൈനല്‍ പ്രവേശനം ഇരട്ടിമധുരമാക്കിയത്. യൂറോപ്പിന്റെ പുറത്ത് നടന്ന ലോകകപ്പില്‍ ആദ്യമായി ഒരു യൂറോപ്യന്‍ രാജ്യം കിരീടം ചൂടിയ ലോകകപ്പായിരുന്നു ഇത്. അന്ന് സ്‌പെയിനിനെ ലോകഫുട്‌ബോള്‍ രാജാക്കന്‍മാരുടെ അമരത്തേക്ക് കൊണ്ടെത്തിച്ച നായകനായ ഗോള്‍കീപ്പര്‍ ഐക്കര്‍ കസിയസ് ഇത്തവണ ടീമിനൊപ്പം ഇല്ലെന്നുള്ളതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം.  അന്നത്തെ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ഈ ഗോള്‍ വഴങ്ങാന്‍ പിശുക്കു കാണിക്കുന്ന നായകനിലേക്കാണ് തേടിയെത്തിയത്. ശേഷം 2012ല്‍ ഇറ്റലിയെയും പരാജയപ്പെടുത്തി  സ്‌പെയിന്‍ യൂറോകപ്പ് സ്വന്തമാക്കി. യൂറോപ്പില്‍ നിന്നും ലോകകപ്പ് യോഗ്യതയില്‍ അല്‍ബേനിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചാണ് യൂറോപ്പില്‍ നിന്നുള്ള 14 ടീമില്‍ നിന്നും ഒരു ടീമായി സ്‌പെയിന്‍ റഷ്യന്‍ ലോകകപ്പിന് ടിക്കറ്റെടുത്തത്.  പോര്‍ച്ചുഗല്‍, ഇറാന്‍, മൊറോക്കോ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലൂടെയാണ് ലോകകപ്പില്‍ സ്പാനിഷ് പടയുടെ പടപ്പുറപ്പാടിന് പ്രാരംഭം കുറിക്കുന്നത്. ഇതില്‍ അട്ടിമറികള്‍ സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ ടീമിന് അനായാസം ക്വാര്‍ട്ടറിലേക്ക് മുന്നേറാം.
1934ല്‍ സ്‌പെയിന്‍ കാലെടുത്തു വച്ച ആദ്യ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനെ 3-1ന് പരാജയപ്പെടുത്തി വരവറിയിച്ചു.  പക്ഷേ ക്വാര്‍ട്ടറില്‍  ഇറ്റലിയുടെ മുന്നില്‍ 1-0ന് പരാജയപ്പെടാനായിരുന്നു വിധി. എങ്കിലും തുടക്കത്തില്‍ തന്നെ ക്വാര്‍ട്ടറില്‍ അഞ്ചാം സ്ഥാനവുമായാണ് സ്‌പെയിന്‍ നാട്ടിലേക്ക് മടങ്ങിയത്. 1938ലെ ലോകകപ്പില്‍ നിന്ന് വിട്ടുനിന്ന ശേഷം 1950 ലാണ് സ്‌പെയിന്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നത്. മികച്ച പ്രകടനം പുറത്തെടുത്ത സ്‌പെയിന്‍ നാലാം സ്ഥാനമെന്ന നേട്ടത്തിലെത്തി. പിന്നീട് തുടര്‍ച്ചയായ രണ്ട് ലോകകപ്പിലും യോഗ്യത നേടാതിരുന്ന സ്‌പെയിന്‍ 1962ലും 66ലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പോരാട്ടം അവസാനിപ്പിച്ചു. പിന്നീടുള്ള ലോകകപ്പുകളില്‍ ഇതിന്റെ തനിയാവര്‍ത്തനം തന്നെ അരങ്ങേറിയപ്പോള്‍ 2010ല്‍ സ്‌പെയിനില്‍ ലോക ഫുട്‌ബോ ളിന്റെ രാജക്കന്‍മാരായി. ശേഷം 2014ല്‍ നടന്ന ബ്രസീല്‍ ലോകകപ്പില്‍ 23ാം സ്ഥാനവുമായി അന്നത്തെ നിലവിലെ ചാംപ്യന്‍മാര്‍ക്ക് നാണം കെടേണ്ടി വന്നു. 2010ലെ ലോകകപ്പ് കിരീടത്തില്‍ പങ്കാളികളായ എട്ട് താരങ്ങളുമായാണ് ഇത്തവണയും സ്‌പെയിന്‍ കരുത്തുകാട്ടാനിറങ്ങുന്നത്.നായകന്‍ സെര്‍ജിയോ റാമോസും ജെറാര്‍ഡ് പിക്വെയും സെര്‍ജിയോ ബുസ്‌കെറ്റ്‌സും സാവിയും ഇനിയേസ്റ്റയും പെഡ്രോയും ഡേവിഡ് വിയ്യയും ഇതില്‍ ഉള്‍പ്പെടും. ലോകകപ്പില്‍ പരിചയ സമ്പത്തുള്ള ഇവര്‍ അണിനിരക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ വാനോളം. കര്‍വാചലും ജെറാര്‍ഡ് പിക്വെയും ജോര്‍ഡി ആല്‍ബയും സെര്‍ജിയോ റാമോസും നാച്ചോ മോണ്‍ഡ്രിയലും  ഉള്‍പ്പെട്ട പ്രതിരോധനിരയ്ക്ക് പകരം നില്‍ക്കാനായി കോച്ച് മിനുക്കിയെടുത്തതാണ് നാച്ചോയെയും ജാവി മാര്‍ട്ടിനസിനെയും അസ്പ്ലിക്യൂട്ടയെയും. ഇനിയേസ്റ്റ, യുവാന്‍ മാട്ട, സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, പെഡ്രോ,കോക്കെ,ഡേവിഡ് സില്‍വ, അസെന്‍സിയോ, വിറ്റോളോ, സോള്‍ നിഗ്വെസ് എന്നിവര്‍ രണ്ടുഫോര്‍മാറ്റിലും കളിക്കാന്‍ കെല്‍പുള്ള താരങ്ങളാണ്. മുന്നേറ്റ നിരയില്‍ ഇസ്‌കോയും മൊറോട്ടോയും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. വിയ, കോസ്റ്റ, സുസോ, നോളിറ്റോ, ഡിഫഌ, വാസ്‌ക്വെസ്, ആസ്‌പെസ്, അഡൂരിന്‍, അല്‍കാന്‍ഡ്ര എന്നിവര്‍ പകരക്കാരുടെ ബെഞ്ചില്‍ ഇരിക്കേണ്ടി വരും. രണ്ടാം ലോകകപ്പ് കിരീടം ചൂടാന്‍ താരങ്ങളെ ഒരുക്കിയിരിക്കുന്ന കോച്ച് ജുലാന്‍ ലോപ്റ്റ് ഗുയിയാണ് ടീമിന്റെ സകലകലാവല്ലഭന്‍. 2010ലെ സ്‌പൈഡര്‍മാന്‍ ഐകര്‍ കസിയസിന്റെ അഭാവത്തില്‍ ഡേവിഡ് ഡി ജിയ സ്പാനിഷ് വല കാക്കും. ആയതിനാല്‍ മികച്ച പരിശീലനമാണ് കോച്ച് ടീമിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. കോച്ചിനെ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്ന മുന്നേറ്റ നിരയെ ഇസ്‌കോയും അസെന്‍സിയോയും മൊറാട്ടയും അല്‍ക്കാന്‍ഡ്രയുമെല്ലാം പൊന്നുപോലെ കാത്തുസൂക്ഷിച്ചാല്‍ നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയെയും കരുത്തരായ അര്‍ജന്റിനയെയും ബ്രസീലിനെയും മറിച്ചിടാനുള്ള വജ്രായുധം തയ്യാര്‍.
ക്ലബ് ഫുട്‌ബോളില്‍ വമ്പന്‍മാരെന്ന് വിശേഷിപ്പിക്കുന്ന യൂറോപ്പില്‍ നിന്നും ഓരോ ക്ലബ്ബിലും കളിച്ച പരിചയമുള്ള താരങ്ങളുമായാണ് സ്‌പെയിനിന്റെ രംഗപ്രവേശനം. ഇപ്പോഴും സ്പാനിഷ് ആരാധകക്കൂട്ടത്തിന് ലോകത്തോട് വമ്പുകാട്ടത്തക്കവിധം ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സമ്മാനിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഇനിയേസ്റ്റയെന്ന് നാട്ടുകാരനായ ടെന്നിസ് ഇതിഹാസം റാഫേല്‍ നദാലിന്റെ പ്രതീക്ഷയും തള്ളിക്കളയാനാവില്ല. കാരണം നിലവില്‍ മികച്ച ഫോമിലാണ് ഇനിയേസ്റ്റ. സ്പാനിഷ് കുന്തമുനക്കാരില്‍ നാട്ടുകാര്‍ വിശ്വാസമര്‍പ്പിക്കുന്ന മറ്റൊരു താരമാണ്  മാര്‍കോ അസെന്‍സിയോ എന്ന 21കാരന്‍. ജര്‍മനിക്ക് ഹമ്മെല്‍സും ബോട്ടെങും പോലെയാണ് സ്‌പെയിനിന് പിക്വെയും സെര്‍ജി റാമോസും. ഇവര്‍ എല്ലാവരും ഒരു സ്പാനിഷ് രാജ്യമെന്ന കുടക്കീഴില്‍ നിന്ന് ലോകകപ്പിന്റെ പുതുനാമ്പ് നുകരാന്‍ റഷ്യയിലേക്ക് വന്നണയുമ്പോള്‍ രണ്ടാമതൊരു കിരീടധാരണത്തിന് സ്‌പെയിന്‍ അവകാശികളാവുമെന്ന് തന്നെ  പ്രതീക്ഷിക്കാം.

RELATED STORIES

Share it
Top