റഷ്യയില്‍ ഫ്രാന്‍സ് കപ്പുയര്‍ത്തുമെന്ന് ബെയ്ചുങ് ബൂട്ടിയ

കൊച്ചി: ഇത്തവണ ലോക ഫുട്‌ബോള്‍ കിരീടത്തില്‍ ഫ്രാന്‍സ് മുത്തമിടുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ ബെയ്ചുങ് ബൂട്ടിയ. ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍ ബെല്‍ജിയമാണ്. എന്നാല്‍, വിജയസാധ്യതയുള്ള ടീം ഫ്രാന്‍സാണെന്നും ബെയ്ചുങ് ബൂട്ടിയ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ഷൂട്ട് ദ റെയിന്‍ ഫുട്‌ബോള്‍ മല്‍സരത്തില്‍ സമാപന ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍.
ഇന്നലെ വൈകീട്ട് നടന്ന ഫൈനല്‍ മല്‍സരത്തില്‍ താരങ്ങളെ പരിചയപ്പെടാന്‍ മൈതാനത്തിറങ്ങിയ ബൂട്ടിയ മുന്‍ ഫുട്‌ബോള്‍ താരങ്ങളും ടൂര്‍ണമെന്റിനു നേതൃത്വം നല്‍കുന്നവരുമായ റൂഫസ് ഡിസൂസ, ടി എ ജാഫര്‍ എന്നിവരുമായി വിശേഷങ്ങള്‍ പങ്കുവച്ചു. ഫുട്‌ബോളിന്റെ സൗന്ദര്യം ചോരാതെ സംഘടിപ്പിച്ച മഴപ്പന്തുകളി വ്യത്യസ്തമായ അനുഭവമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വൈകീട്ട് നടന്ന ഫൈനലില്‍ ഫോഗ് ടിപിസി മണ്‍സൂണിനെ പരാജയപ്പെടുത്തി മലബാര്‍ എസ്‌കേപ് കിരീടം നേടി. സ്‌കോര്‍ (6-1). ഹൈബി ഈഡന്‍ എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മണ്‍സൂണ്‍ ടൂറിസത്തിന്റെ പ്രചാരണാര്‍ഥം കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം പ്രൊഫഷനല്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മഴപ്പന്തുകളി “ഷൂട്ട് ദ റെയിന്‍’ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളുടെയും ട്രാവല്‍ കമ്പനികളുടെയും 24 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്ത് 16 വര്‍ഷത്തോളം തിളങ്ങി നിന്ന ബൂട്ടിയ 2011 ആഗസ്തിലാണ് ദേശീയ ടീമില്‍ നിന്നും വിരമിച്ചത്. ഇപ്പോള്‍ കൂട്ടുടമസ്ഥതയിലുള്ള യുണൈറ്റഡ് സിക്കിം ക്ലബ്ബിന്റെ കളിക്കാരനും സാങ്കേതിക ഉപദേശകനുണ്. ഒരു പതിറ്റാണ്ടുകാലം ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിച്ച ബൂട്ടിയ 107 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയിട്ടുണ്ട്. മൂന്നു തവണ മികച്ച കളികാരനുള്ള പുരസ്‌ക്കാരം ലഭിച്ച ഐ.എം. വിജയന്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ലഭിച്ച ദൈവത്തിന്റെ സമ്മാനമായാണ് ബൈച്ചുങ് ബൂട്ടിയയെ വിശേഷിപ്പിച്ചത്. 1999ല്‍ ഇംഗ്ലണ്ടിലെ ബറി ക്ലബ്ബിന് വേണ്ടി കളിച്ച ബൂട്ടിയ, യൂറോപ്പില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ്‌

RELATED STORIES

Share it
Top