റഷ്യയില്‍ ഫ്രഞ്ച് വിപ്ലവം; ക്രൊയേഷ്യയെ തകര്‍ത്ത് ഫ്രാന്‍സ് ലോക ചാംപ്യന്‍മാര്‍ലുഷ്‌നിക്കി അരീന: ലോകത്തിലെ കാല്‍പന്ത് സിംഹാസനത്തില്‍ ഇനി ഫ്രാന്‍സിന്റെ രാജവാഴ്ച. ലോകം കണ്ണിമചിമ്മാതെ ഉറ്റുനോക്കിയ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് വിശ്വവിജയികളായത്. റഷ്യയിലെ പുല്‍മൈതാനത്ത് വിപ്ലവം സൃഷ്ടിച്ച് ഫൈനലിലേക്കെത്തിയ ക്രൊയേഷ്യക്ക്‌മേല്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും  ദിദിയര്‍ ദെഷാംപ്‌സിന്റെ ശിഷ്യഗണത്തിന് മുന്നില്‍ പക്ഷേ തലകുനിക്കേണ്ടി വന്നു. അന്റോണിയ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കെയ്‌ലിയന്‍ എംബാപ്പെ എന്നിവര്‍ ഫ്രാന്‍സിന് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ മാനുവല്‍ മാന്‍സുക്കിച്ചിന്റെ സെല്‍ഫ് ഗോളും ഫ്രാന്‍സിന് കരുത്തായി. ഇവാന്‍ പെരിസിച്ച്, മാനുവല്‍ മാന്‍സൂക്കിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ആശ്വാസ ഗോള്‍ നേടിയത്. ഫ്രാന്‍സിന്റെ രണ്ടാം ലോകകപ്പ് കിരീടമാണിത്. 1998ലാണ് ഇതിന് മുമ്പ് ഫ്രാന്‍സ് കിരീടം ചൂടിയത്.
ലോക രാജാക്കന്‍മാരെ നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ സെമി ഫൈനലിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ക്രൊയേഷ്യയും ഫ്രാന്‍സുമിറങ്ങിയത്. ഇരു കൂട്ടരും 4-2-3-1 ഫോര്‍മാറ്റില്‍ ബൂട്ടണിഞ്ഞപ്പോള്‍ ഫ്രാന്‍സ് നിരയില്‍ ഒലിവര്‍ ജിറൗഡും ക്രൊയേഷ്യന്‍ നിരയില്‍ മരിയോ മാന്‍സൂക്കിച്ചും വജ്രായുധമായി.
ക്രൊയേഷ്യയുടെ ടെച്ചോടുകൂടിയാണ് മല്‍സരം തുടങ്ങിയത്. തുടക്കം മുതല്‍ കരുത്തരായ ഫ്രഞ്ച് നിരയ്‌ക്കെതിരേ വ്യക്തമായ ആധിപത്യം ക്രൊയേഷ്യ നേടിയെടുത്തു. ലോങ് പാസുകളിലൂടെ നിരന്തരം ഫ്രാന്‍സ് ഗോള്‍മുഖത്തേക്ക് ക്രൊയേഷ്യ പന്തെത്തിച്ചതോടെ ഫ്രഞ്ച് പ്രതിരോധം തുടക്കം മുതല്‍ വിയര്‍ത്തു. നാലാം മിനിറ്റില്‍ത്തന്നെ ഫ്രഞ്ച് പടയെ വിറപ്പിച്ച് ക്രൊയേഷ്യ ഗോളവസരം സൃഷ്ടിച്ചെങ്കിലും പ്രതിരോധത്തിന് മുന്നില്‍ ഗോളവസരം തകര്‍ന്നു. പെരിസിച്ചും റാക്കിറ്റിച്ചും മോഡ്രിച്ചും മാന്‍സൂക്കിച്ചും ചേര്‍ന്ന് ഫ്രഞ്ച് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയതോടെ പ്രതിരോധത്തിലേക്ക് മാത്രമായി ഫ്രാന്‍സ് ഒതുങ്ങി. ഏഴാം മിനിറ്റില്‍ വലത് വിങിലൂടെ സ്ട്രിനിക് ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തിയെങ്കിലും എംബാപ്പയുടെ മികച്ച പ്രതിരോധത്തിലൂടെ അത് കോര്‍ണറായി ഒതുങ്ങി. ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചെടുത്ത കോര്‍ണര്‍ കൃത്യമായി ബോകസിലേക്കെത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു. ഒമ്പതാം മിനിറ്റില്‍ പെരിസിച്ചിന്റെ അലക്ഷ്യമായ പാസ് ഗോളവസരം നഷ്ടപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ പെരിസിച്ചിന് വീണ്ടും അവസരം ലഭിച്ചെങ്കിലും കൃത്യമായി പന്ത് പിടിച്ചെടുക്കാന്‍ പെരിസിച്ചിന് സാധിക്കാതെ വന്നതോടെ അവസരം നഷ്ടപ്പെട്ടു.
14ാം മിനിറ്റില്‍ ബോക്‌സിനുള്ളിലേക്ക് പെരിസിച്ച് നീട്ടി നല്‍കിയ ക്രോസിനെ ഫ്രഞ്ച് താരം ഉംറ്റിറ്റി തട്ടിയകറ്റി. ആദ്യ 15 മിനിറ്റില്‍ 59 ശതമനാവും പന്തടക്കം ക്രൊയേഷ്യക്കൊപ്പമായിരുന്നു. എന്നാല്‍ പതിയെ ഫ്രാന്‍സ് മല്‍സരത്തിലേക്ക് മടങ്ങിയെത്തി. ഒടുവില്‍ 18ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ ആരാധകരെ നിരാശയിലേക്ക് തള്ളിവിട്ട് ഫ്രാന്‍സ് അക്കൗണ്ട് തുറന്നു. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് അന്റോണിയോ ഗ്രീസ്മാന്‍ തൊടുത്ത ഫ്രീകിക്ക് ക്രൊയേഷ്യന്‍ താരം മാന്‍സൂക്കിച്ചിന്റെ തലയില്‍ത്തട്ടി വലയിലെത്തുകയായിരുന്നു. ഇതോടെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് 1-0ന്റെ ലീഡ്.
ഗോള്‍ വഴങ്ങിയെങ്കിലും പ്രതിരോധത്തിലേക്കൊതുങ്ങാതെ പതിവ് ശൈലിയില്‍ കളി തുടര്‍ന്ന ക്രൊയേഷ്യ ഫ്രാന്‍സ് ഗോള്‍മുഖം നിരന്തരം വിറപ്പിച്ചു. 21ാം മിനിറ്റില്‍ ക്രൊയേഷ്യക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്ന് മോഡ്രിച്ച് തൊടുത്ത ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് തട്ടിയകറ്റി. എന്നാല്‍ 28ാം മിനിറ്റില്‍ ഫ്രാന്‍സ് ആരാധകരുടെ നെഞ്ച് തകര്‍ത്ത് ക്രൊയേഷ്യ സമനില പിടിച്ചു. വിഡ നല്‍കിയ പാസിനെ പിടിച്ചെടുത്ത് വലത് വിങില്‍ നിന്ന് ഇവാന്‍ പെരിസിച്ച് തൊടുത്ത ഇടം കാല്‍ ഷോട്ട് ഫ്രാന്‍സ് ഗോള്‍പോസ്റ്റിലേക്ക് പറന്നിറങ്ങി. മല്‍സരം 1-1 എന്ന നിലയിലേക്ക്.
സമനിലയിലേക്കെത്തിയതോടെ കളിയുടെ ആവേശവുമിരട്ടിച്ചു. 34ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ ക്രൊയേഷ്യയുടെ പെരിസിച്ചിന്റെ കൈയില്‍ തട്ടി പുറത്തേക്ക്. ബോക്‌സിനുള്ളില്‍ പെരിസിച്ചിന്റെ കൈയില്‍ പന്ത് തട്ടിയതിന് വാറിലൂടെ ഫ്രാന്‍സിന് പെനല്‍റ്റിയും ലഭിച്ചു. 39ാം മിനിറ്റില്‍ കിക്കെടുക്കാനെത്തിയ അന്റോണിയ ഗ്രിസ്മാന്റെ കാലുകള്‍ക്ക് ലക്ഷ്യം പിഴക്കാതിരുന്നതോടെ ഫ്രാന്‍സിന്റെ അക്കൗണ്ടില് രണ്ടാം ഗോള്‍ പിറന്നു. ഫ്രാന്‍സ് 2 ക്രൊയേഷ്യ 1. 40ാം മിനിറ്റില്‍ സമനിലയ്ക്കായി ക്രൊയേഷ്യക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. 43ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ലഭിച്ച പന്തിനെ ഫ്രഞ്ച് ഗോള്‍പോസ്റ്റിലേക്ക് ഡിജാന്‍ ലോവ്‌റന്‍ ഷോട്ടുതിര്‍ത്തെങ്കിലും പ്രതിരോധം വീണ്ടും വെല്ലുവിളിയായി. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 2-1ന്റെ ആധിപത്യത്തോടെയാണ് ഫ്രാന്‍സ് കളം പിരിഞ്ഞത്. ആദ്യ പകുതിയില്‍ 60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ക്രൊയേഷ്യ ഏഴ്് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ മറുപടിയായി രണ്ട് തവണ മാത്രമാണ് ഫ്രാന്‍സിന് ഗോളവസരം സൃഷ്ടിക്കാനായത്.
ഫ്രാന്‍സിന്റെ ടെച്ചോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. ആദ്യ പകുതിയില്‍ നിന്ന് വിപരീതമായി രണ്ടാം പകുതിയില്‍ ഫ്രഞ്ച് ആധിപത്യമാണ് കളിക്കളത്തില്‍ കണ്ടത്.  വിശ്വരൂപം പുറത്തെടുത്ത് രണ്ടാം പകുതിയില്‍ ഫ്രാന്‍സ് കസറിക്കളിച്ചതോടെ ക്രൊയേഷ്യന്‍ ഗോള്‍മുഖം നിരന്തരം വിറച്ചു. 51ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ സുബാസിച്ച് ക്രൊയേഷ്യയെ രക്ഷിച്ചു. ഇടതുവിങ്ങിലൂടെ അതിവേഗം മുന്നേറിയെത്തി എംബാപ്പ തൊടുത്ത ഷോട്ട് സുബാസിച്ച് മുന്നോട്ട് കയറി തട്ടിയകറ്റി. 55ാം മിനിറ്റില്‍ കാന്റെയെ കയറ്റി പകരം ഫ്രാന്‍സ് എന്‍സോന്‍സിയെ കളത്തിലിറക്കി. 59ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ ചങ്കിടിപ്പേറ്റി ഫ്രാന്‍സ് അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. ക്രൊയേഷ്യന്‍ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ റീബൗണ്ട് ചെയ്‌തെത്തിയ പന്തിനെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പോള്‍ പോഗ്ബ വലയിലെത്തിക്കുകയായിരുന്നു. ഫ്രാന്‍സ് 3- ക്രൊയേഷ്യ 1.
മൂന്നാം ഗോളിന്റെ ആവേശം തീരും മുമ്പേ ഫ്രാന്‍സ് അക്കൗണ്ടില്‍ നാലാം ഗോള്‍ ചേര്‍ത്തു. 65ാം മിനിറ്റില്‍ ഫ്രാന്‍സ് ടീമിലെ 19കാരനായ എംബാപ്പയാണ് ടീമിന് നാലാം ഗോള്‍ സമ്മാനിച്ചത്. ബോക്‌സിന് മുന്നിലേക്ക് ഹെര്‍ണാണ്ടസ് നല്‍കിയ പാസിനെ പിടിച്ചെടുത്ത് എംബാപ്പ തൊടുത്ത ഷോട്ട് സുബാസിച്ചിന് ഒരവസരവും നല്‍കാതെ വലയിലെത്തുകയായിരുന്നു. 4-1ന് ഫ്രാന്‍സ് മുന്നില്‍. മല്‍സരത്തില്‍ വ്യക്തമായ ആധിപത്യം ഫ്രാന്‍സ് നേടിയെടുത്തെങ്കിലും പോരാട്ടം കൈവിടാതെ മുന്നേറിയ ക്രൊയേഷ്യ 69ാം മിനിറ്റില്‍ രണ്ടാം ഗോള്‍ സ്വന്തമാക്കി. ഫ്രാന്‍സ് നായകനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസിന്റെ പിഴവില്‍ മാന്‍സുക്കിച്ചാണ് ക്രൊയേഷ്യക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. അശ്രദ്ധമായി ലോറിസ് എടുത്ത ഷോട്ട് മാന്‍സൂക്കിച്ചിന്റെ കാലില്‍ത്തട്ടി വലയിലെത്തുകയായിരുന്നു. ഫ്രാന്‍സ് 4 - ക്രൊയേഷ്യ 2.
71ാം മിനിറ്റില്‍ റെബിച്ചിനെ പിന്‍വലിച്ച് ക്രൊയേഷ്യ ക്രമാരിച്ചിനെ കളത്തിലിറക്കി. 77ാം മിനിറ്റില്‍ റാക്കിറ്റിച്ചിന്റെ ഗ്രൗണ്ട് ഷോട്ട് സെക്കന്‍ഡ് പോസ്റ്റിനരികിലൂടെ പുറത്തേക്കുപോയി. പിന്നീടുള്ള സമയത്ത് ക്രൊയേഷ്യയുടെ ശ്രമങ്ങളെല്ലാം ഫ്രഞ്ച് പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നതോടെ 4-2ന്റെ ജയത്തോടെ ഫ്രഞ്ച് പട വിശ്വകിരീടം ചൂടിയപ്പോള്‍ തോല്‍വിയിലും നെഞ്ചുവിരിച്ച് ക്രൊയേഷ്യ റഷ്യയോട് വിടപറഞ്ഞു.

RELATED STORIES

Share it
Top