റഷ്യയില്‍ പ്രതീക്ഷകളുമായി പോളണ്ട്; ഗ്രൂപ്പ് എച്ചില്‍ പോരാട്ടം മുറുകുംജലീല്‍ വടകര

റഷ്യന്‍ ലോകകപ്പിന്റെ അവസാന ഗ്രൂപ്പായ എച്ചില്‍ കൊളംബിയക്ക് എതിരാളിയായി ആഫ്രിക്കന്‍ ടീമായ സെനഗലും ഏഷ്യന്‍ കരുത്തരായ ജപ്പാനും യൂറോപിന്റെ സാന്നിധ്യമറിയിച്ച് പോളണ്ടും നിലയുറപ്പിച്ചിട്ടുണ്ട്. ഇതില്‍ ക്വാര്‍ട്ടറിലെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത 16ാം സ്ഥാനത്തുള്ള പോളണ്ടിനാണ്. മുന്‍ ലോകകപ്പിലെ അട്ടിമറികള്‍ തുടര്‍ന്നാല്‍ ജപ്പാനും സെനഗലിനും ക്വാര്‍ട്ടറിലേക്ക് മുന്നേറാം.പോളണ്ട്,  ജപ്പാന്‍ ടീം വിശേഷങ്ങളിലൂടെ:

പോളണ്ട്

ബയേണ്‍ മ്യൂണിക്കിന്റെ ടോപ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ ചുറ്റിപ്പറ്റി കഴിയുന്ന പോളണ്ടാണ് ഗ്രൂപ്പ് എച്ചിലെ പ്രഗല്‍ഭര്‍. ശനിയാഴ്ച ലോകകപ്പ് ടീമിനെ കോച്ച് ആദം നവാല്‍ക്ക പ്രഖ്യാപിച്ചപ്പോള്‍ ലെവന്‍ഡോവ്‌സ്‌കിയെ കൈവിടാതെ തന്നെ ടീമിലെത്തിച്ചു. മല്‍സര പരിചയമുള്ള ഒട്ടനവധി താരങ്ങളുമായാണ് ഇത്തവണത്തെ ലോകകപ്പില്‍ പോളണ്ടിന്റെ വരവ്. മുമ്പ് ലോകകപ്പില്‍ കരുത്ത് തെളിയിച്ചവരാണ് പോളണ്ടുകാര്‍. എട്ട് തവണ ലോകകപ്പില്‍ സാന്നിധ്യമറിയിച്ചപ്പോള്‍ 1974ലെ ജര്‍മനി ലോകകപ്പിലും 1982ലെ സ്പാനിഷ് ലോകകപ്പിലും മുന്നാം സ്ഥാനം സ്വന്തമാക്കിയാണ് ടീം നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ലോകകപ്പിനേക്കാള്‍ ഒളിംപിക്‌സ് ഗെയിംസിലാണ്് പോളണ്ട് കൂടുതല്‍ കരുത്തു കാട്ടിയത്. 1972ലെ ഒളിംപിക്‌സില്‍ ആദ്യമായി ഫുട്‌ബോളില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ പോളണ്ട് അടുത്ത ഒളിംപിക്‌സിലും 1992ലെ ഒളിംപിക്‌സിലും വെള്ളിയും അക്കൗണ്ടിലാക്കി. ലോകകപ്പ് ആരംഭിച്ച് എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ലോകകപ്പ് കളിച്ച പോളിഷ് ടീം വരവില്‍ തന്നെ ലോകകപ്പ് രാജാക്കന്‍മാരായ ബ്രസീലിനെ വെള്ളംകുടിപ്പിച്ചാണ് കീഴടങ്ങിയത്. അന്ന് എക്‌സ്ടാ ടൈം വരെ നീണ്ട മല്‍സരത്തില്‍ 5-6ന് പോരാടിത്തോറ്റാണ് ടീം മടങ്ങിയത്. ശേഷം ആറ് ലോകകപ്പിന്റെ ഇടവേളകള്‍ക്ക് ശേഷം ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഒരിക്കല്‍ കൂടി വരവറിയിച്ച പോളണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെയും ഇറ്റലിയെയും അട്ടിമറിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി. രണ്ടാം റൗണ്ടില്‍ വിജയരഹസ്യം തുടര്‍ന്ന പോളണ്ട് സ്വീഡനെയും യുഗോസഌവിയയെയും പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറിയെങ്കിലും സെമിയില്‍ ജര്‍മനിയോട് പരാജയപ്പെട്ടു. എന്നാല്‍ മൂന്നാം സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ കരുത്തരായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് അടിയറവ് പറയിച്ച് മൂന്നാം സ്ഥാനവുമായി നാട്ടിലേക്ക്. 1978ലെ അര്‍ജന്റീന ലോകകപ്പില്‍ രണ്ടാം റൗണ്ടില്‍ മല്‍സരം അവസാനിപ്പിച്ച പോളണ്ട് അടുത്ത ലോകകപ്പിലും ലോക ചാംപ്യന്‍മാരെ മുട്ടുകുത്തിച്ച് മൂന്നാം സ്ഥാനവുമായി നാട്ടിലേക്ക് മടങ്ങി.    ടീം അവസാനമായി ലോകകപ്പ് കളിച്ചത് 2006ലായിരുന്നു. അവിടെ പോരാട്ടവീര്യം തളര്‍ന്ന പോളിഷ് താരങ്ങള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ബൂട്ടഴിച്ചു. 12 വര്‍ഷങ്ങള്‍ക്കിപ്പുറം പോളിഷ് ടീം ലോകകപ്പില്‍ കളിക്കാനൊരുങ്ങുമ്പോള്‍ പഴയ പ്രതാപം വീണ്ടെടുക്കുമോ എന്ന സംശയവുമായാണ് ആരാധകര്‍ പോളണ്ടിനെ ഉറ്റുനോക്കുന്നത്.

ജപ്പാന്‍

അത്ര വമ്പന്‍ ടീമൊന്നും അടങ്ങിയിട്ടില്ലാത്ത ഗ്രൂപ്പ് എച്ചില്‍ നിന്ന് ഫിഫാ റാങ്കിങില്‍ 28ാം സ്ഥാനത്തുള്ള ജപ്പാന് ക്വാര്‍ട്ടറിലേക്കുളള മുന്നൊരുക്കത്തിന് വലിയ തടസമൊന്നും ഉണ്ടാവില്ല. റാങ്കിങില്‍ മുന്നിലുള്ള കൊളംബിയയെയും പോളണ്ടിനെയും പൂട്ടാനായാല്‍ ടീമിനും ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം. 2002ലെയും 2010ലെയും ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തിയതാണ് അഞ്ച് തവണ ലോകകപ്പില്‍ കളിച്ച ജപ്പാന്റെ മികച്ച പ്രകടനം. 1998നാണ് ജപ്പാന്‍ ആദ്യമായി ലോകകപ്പിന് പ്രവേശനം ലഭിക്കുന്നത്. അന്ന് ഗ്രൂപ്പിലെ എല്ലാ മല്‍സരത്തിലും തോല്‍വിയായിരുന്നു ഫലം. പക്ഷേ നേരിയ മാര്‍ജിനിലാണെന്നു മാത്രം. പിന്നീട് 2002ല്‍ അവര്‍ പ്രീക്വാര്‍ട്ടറിലെത്തി നില മെച്ചപ്പെടുത്തി. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തെ 2-2ന്‍ സമനിലയില്‍ തളച്ച ജപ്പാന്‍ റഷ്യയെയും തുണീസ്യയെയും പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലെത്തിയെങ്കിലും തുര്‍ക്കിയോട് 3-1ന് പരാജയപ്പെട്ട് പോരാട്ടം അവസാനിപ്പിച്ചു. 2006ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അടിയറവ് വച്ച നീലക്കുപ്പായക്കാര്‍ അടുത്ത ലോകകപ്പിലും പ്രീക്വാര്‍ട്ടറിലെത്തി. പിന്നീട് ഇക്കഴിഞ്ഞ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും ടീമിന് മുന്നോട്ടുള്ള പാത കണ്ടെത്താനായില്ല. പെരുമ കുറഞ്ഞ എഎഫ്‌സി ഏഷ്യാകപ്പിലാണ് ജപ്പാന്‍ കൂടുതല്‍ പ്രാതിനിധ്യം അറിയിച്ചത്. ഇതില്‍ നാലു തവണ ചാംപ്യന്‍പട്ടവും ടീം സ്വന്തമാക്കിയിട്ടുണ്ട്. 1992ലും 2000ലും 2004ലും 2011ലുമാണ് ജപ്പാന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ രാജാക്കന്‍മാരായത്. വാഹിദ് ഹലീല്‍ ഹോട്‌സിക് പരിശീലിപ്പിക്കുന്ന ജപ്പാന്‍ ടീമില്‍ മയാ യേഷിഡ, കവമാട്ട, ഇറ്റോ, കൊബയാഷി, തക്കുമ അസാനോ തുടങ്ങിയവര്‍ അണിനിരയ്ക്കുന്നു. നിലവില്‍ ജപ്പാന്‍ ടീമിലുള്ള താരങ്ങളില്‍ ഏറെ പേരും മുന്‍ ലോകകപ്പുകളില്‍ കളിച്ചവരാണ് എന്നത് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ജപ്പാന്റെ ലോകകപ്പ് ഗോള്‍സ്‌കോറര്‍മാരില്‍ മുന്നിലുള്ള സ്‌ട്രൈക്കര്‍ കെയ്‌സുകൊ ഹോണ്ടയുടെ സാന്നിധ്യവും ടീമിന് ഗുണം നല്‍കും.

RELATED STORIES

Share it
Top