റഷ്യയില്‍ കൊറിയന്‍ വിപ്ലവം; ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്കസാന്‍: റഷ്യയിലെ കസാന്‍ മൈതാനത്ത് ലോക ചാംപ്യന്‍മാരുടെ സ്വപ്‌നങ്ങളെ രണ്ടടി ദൂരത്തില്‍ കൊറിയ തച്ചുടകര്‍ത്തു. ലോകകപ്പില്‍ കിരീടം നേടിയ ടീം അടുത്ത ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്ന ചരിത്രം റഷ്യന്‍ ലോകകപ്പിലും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഗ്രൂപ്പ് എഫില്‍ അട്ടിമറി തോല്‍വിയേറ്റുവാങ്ങി ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലോക റാങ്കിങിലെ 51ാം സ്ഥാനക്കരായ ദക്ഷിണ കൊറിയ ജര്‍മനിയെ വീഴ്ത്തിയത്. കിങ് യാങ് ഗ്വാനും സണ്‍ ഹ്യൂങ് മിന്നുമാണ് കൊറിയക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ തലയുയര്‍ത്തി കൊറിയ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ഗ്രൂപ്പ് എഫില്‍ സ്വീഡനും മെക്‌സിക്കോയും പ്രീക്വര്‍ട്ടറിലേക്ക് മുന്നേറി.
നിര്‍ണായക പോരാട്ടത്തില്‍ 4-2-3-1 ഫോര്‍മാറ്റിലാണ് ജര്‍മനി കളത്തിലിറങ്ങിയത്. സ്വീഡനെതിരേ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മസൂദ് ഓസില്‍ ജര്‍മനിയുടെ ആദ്യ ഇലവനില്‍ കളിച്ചപ്പോള്‍ സൂപ്പര്‍ താരം തതോമസ് മുള്ളര്‍ക്ക് ആദ്യ ഇലവനില്‍ ഇടം നേടാനായില്ല.11ാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാന്‍ ജര്‍മനിക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സ്വീഡനെതിരായ വിജയശില്‍പി ടോണി ക്രോസ് എടുത്ത ഫ്രീകിക്കിനെ കൊറിയന്‍ പ്രതിരോധം ഹെഡ്ഡ് ചെയ്ത് അകറ്റുകയായിരുന്നു. ലഭിച്ച അവസരങ്ങളില്‍ മികച്ച കൗണ്ടര്‍ അറ്റാക്കിങ് നടത്തി കൊറിയന്‍ നിര ചാംപ്യന്‍മാരെ നിരന്തരം വിറപ്പിച്ചു. 19ാം മിനിറ്റില്‍ കൊറിയയുടെ യങിന്റെ ഫ്രീകിക്കിനെ മാനുവല്‍ ന്യൂയര്‍ കൈപ്പിടിയിലൊതുക്കി രക്ഷപെടുത്തി. ആക്രമിച്ച് കളിക്കുക എന്ന ശൈലിയാണ് തുടക്കം മുതല്‍ കൊറിയന്‍ നിര പുറത്തെടുത്തത്. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ ഇരുകൂട്ടരും ഗോള്‍രഹിതമായാണ് കളം പിരിഞ്ഞത്.  76 ശതമാനം പന്തടക്കിവച്ച ജര്‍മനി എട്ട് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ മൂന്ന് തവണ മാത്രമാണ് കൊറിയക്ക് ജര്‍മന്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിക്കാനായത്.
രണ്ടാം പകുതിയില്‍ മാറ്റങ്ങളില്ലാതെ ഇറങ്ങിയ ജര്‍മനി 58ാം മിനിറ്റില്‍ ആദ്യ മാറ്റം വരുത്തി. ഖദീരയെ തിരിച്ച് വിളിച്ച് പകരം മരിയോ ഗോമസിന് ജോച്ചിം ലോ അവസരം നല്‍കി. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോള്‍ അകന്ന് നിന്നതോടെ 63ാം മിനിറ്റില്‍ ഗോര്‍ട്്‌സ്‌കെയ്ക്ക് പകരം തോമസ് മുള്ളറെയും ജര്‍മനി കളത്തിലിറക്കി. 88ാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാന്‍ ലഭിച്ച സുവര്‍ണാവസരവും ജര്‍മനി പാഴാക്കി. ഓസിലിന്റെ ക്രോസില്‍ ഹമ്മല്‍സ് നടത്തിയ ഹെഡ്ഡര്‍ലക്ഷ്യം കാണാതെ ഗോള്‍കീപ്പറുടെ കൈയില്‍.
ഒടുവില്‍ 93ാം മിനിറ്റില്‍ ജര്‍മനിക്ക് പുറത്തേക്കുള്ള വാതില്‍ തുറന്ന് ദക്ഷിണ കൊറിയ അക്കൗണ്ട് തുറന്നു. കോര്‍ണര്‍ കിക്കിനെ പ്രതിരോധിക്കുന്നതില്‍ ജര്‍മനിക്ക് പറ്റിയ പിഴവിനെ മുതലെടുത്ത് കിം യൗങ് ഗ്വാനാണ് കൊറിയക്ക് ലീഡ് സമ്മാനിച്ചത്. വാറിലൂടെയാണ് കൊറിയ ഗോള്‍ നേടിയെടുത്തത്. ജര്‍മനിയുടെ തോല്‍വിക്ക് ഇരട്ടപ്രഹരം നല്‍കി 96ാം മിനിറ്റില്‍ വീണ്ടും കൊറിയ വലകുലുക്കി. ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ബോക്‌സില്‍ നിന്ന് കയറിക്കളിച്ച പിഴവിനെ മുതലെടുത്ത് ടോട്ടനം താരം സണ്‍ഹ്യൂങ് മിന്‍ കൊറിയയുടെ രണ്ടാം ഗോള്‍ നേടുകയായിരുന്നു.
തോല്‍വിയോടെ മൂന്ന് മല്‍സരങ്ങളില്‍ ഒരു ജയവും രണ്ട് തോല്‍വിയുമടക്കം മൂന്ന് പോയിന്റുമായി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് ജര്‍മനിയുടെ മടക്കം. ആറ് പോയിന്റുള്ള സ്വീഡന്‍ ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പ് എഫില്‍ ചാംപ്യരായപ്പോള്‍ ആറ് പോയിന്റ് തന്നെയുള്ള മെക്‌സിക്കോ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു.

RELATED STORIES

Share it
Top