റഷ്യയിലെ കളിക്കണക്കുകള്‍

മോസ്‌കോ: ആവേശകരമായ 21ാമത് റഷ്യന്‍ ലോകകപ്പ് മാമാങ്കത്തിനു കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലൂസേഴ്‌സ് ഫൈനലും ഫൈനലും ഉള്‍പ്പെടെ ഇനി നടക്കാനുള്ളത് രണ്ടു മല്‍സരങ്ങള്‍ മാത്രം. അതിനു ശേഷം കാല്‍പ്പന്തിന്റെ കനക സിംഹാസനത്തിനു പുതിയ അവകാശിയെത്തും. പതിവ് ലോകകപ്പുകള്‍ പോലെത്തന്നെ റഷ്യയിലും ചരിത്രങ്ങള്‍ പലതും തിരുത്തിക്കുറിക്കപ്പെട്ടു. റഷ്യന്‍ ലോകകപ്പിനെ അവിസ്മരണീയമാക്കിയ ചില സംഭവങ്ങളിലേക്ക്:

158 ഗോളുകള്‍
ആദ്യ സെമി ഫൈനല്‍ കഴിഞ്ഞതോടെ ഇതുവരെ റഷ്യന്‍ ലോകകപ്പില്‍ പിറന്നത് ആകെ 158 ഗോളുകളാണ്. 2.6 ശരാശരി ഗോളുകളാണ് റഷ്യയില്‍ കുറിക്കപ്പെട്ടത്. ഒരു മല്‍സരത്തില്‍ 769.5 എന്ന ശരാശരിയില്‍ ആകെ 46,172 പാസുകളാണ് ഇതുവരെ നല്‍കപ്പെട്ടത്. ഫൈനല്‍ ഉള്‍പ്പെടെ ആകെ 64 മല്‍സരങ്ങളാണ് നടക്കേണ്ടത്. ഇന്നലെ നടന്ന ക്രൊയേഷ്യ-ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ കൂടി പൂര്‍ത്തിയായതോടെ 62 മല്‍സരങ്ങളും പൂര്‍ത്തിയായി.

ഗോള്‍വേട്ട
താരം: ഹാരി കെയ്ന്‍
ടീം: ബെല്‍ജിയം
സെമി ഫൈനല്‍ ആരംഭിക്കുന്നതു വരെയുളള കണക്കുകള്‍ പരിശോധിച്ചാല്‍ ഗോള്‍വേട്ടയില്‍ മുന്നിലുള്ള ടീം ബെല്‍ജിയമായിരുന്നു. ക്വാര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള അഞ്ചു മല്‍സരങ്ങളില്‍ നിന്നും 16 ഗോളുകളാണ് ചുവന്ന ചെകുത്താന്‍മാര്‍ എതിര്‍വലയില്‍ നിക്ഷേപിച്ചത്. ഇതില്‍ 12 ഓപണ്‍ പ്ലേ ഗോളുകളും ഒരു സെറ്റ്പീസ് ഗോളും ഒരു പെനല്‍റ്റിയും ഒരു സെല്‍ഫ് ഗോളും ഉള്‍പ്പെടും. 11 ഗോളടിച്ച ഇംഗ്ലണ്ടും റഷ്യയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
അതേസമയം, നാലു മത്സരങ്ങളില്‍ നിന്നായി ആറു ഗോളുകള്‍ നേടിയ ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നാണ് ഗോള്‍വേട്ടയില്‍ മുന്‍നിരയിലുള്ളത്. ഇതില്‍ മൂന്നു ഗോളുകളും താരം കണ്ടെത്തിയത് പെനല്‍റ്റിയില്‍ നിന്നാണ്. ഒരു ഗോള്‍ ഹെഡറിലൂടെ നേടിയപ്പോള്‍ ഒരെണ്ണം ബാക്ക്ഹീല്‍ വഴിയും പോസ്റ്റിലേക്കു ചെത്തിയിട്ടു.


നാലു ഗോള്‍ വീതം നേടിയ ബെല്‍ജിയം സൂപ്പര്‍സ്റ്റാര്‍ ലുക്കാക്കു, പോര്‍ച്ചുഗല്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റഷ്യന്‍ താരം ആര്‍ടെം ഡയൂബ എന്നിവരാണ് ഗോള്‍പട്ടികയില്‍ കെയ്‌നു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഫ്രഞ്ച് സൂപ്പര്‍താരങ്ങളായ ഗ്രീസ്‌മെന്‍, എംബാപ്പെ എന്നിവര്‍ അടക്കമുള്ള ആറു താരങ്ങള്‍ മൂന്നു ഗോള്‍ വീതം നേടിയവരുടെ പട്ടികയിലുണ്ട്.

ആക്രമണത്തില്‍ ബ്രസീല്‍
ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ആക്രമണത്തില്‍ തങ്ങള്‍ തന്നെയാണ് കേമന്‍മാര്‍ എന്ന് ബ്രസീല്‍ തെളിയിച്ചു. എതിര്‍ ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ള 292 ആക്രമണങ്ങളാണ് മഞ്ഞപ്പട നടത്തിയത്. 103 ഷോട്ടുകള്‍ ടീം ഉതിര്‍ത്തപ്പോള്‍ അതില്‍ 38 എണ്ണവും ഗോള്‍വല ലക്ഷ്യമാക്കിയുള്ളതായിരുന്നു.
ഏറ്റവുമധികം ഗോള്‍ശ്രമങ്ങള്‍ നടത്തിയതും ബ്രസീല്‍ സൂപ്പര്‍താരം നെയ്മറായിരുന്നു. അഞ്ച് മല്‍സരങ്ങളില്‍ നിന്നു 27 തവണയാണ് നെയ്മര്‍ എതിര്‍ ഗോള്‍വലയെ ലക്ഷ്യം വച്ചത്. 22 തവണ ഗോള്‍ശ്രമം നടത്തിയ ബ്രസീലിന്റെ തന്നെ കുട്ടീഞ്ഞോയാണ് നെയ്മറിനു പിന്നിലുള്ളത്. 21 തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 17 തവണ മെസ്സിയും എതിര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തിട്ടുണ്ട്.

ഗോള്‍വലയ്ക്കു
കീഴെ ഒച്ചാവോ
ലോകകപ്പില്‍ ഇതുവരെ ഗോള്‍വലയ്ക്കു കീഴില്‍ മികച്ച രക്ഷപ്പെടുത്തലുകള്‍ നടത്തിയത് മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗുല്ലര്‍മോ ഒച്ചാവോയായിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നു 25 സേവുകളാണ് ഒച്ചാവോ നടത്തിയത്. 80.6 ശതമാനമാണ് ഒച്ചാവോയുടെ സേവ് ശതമാനം. ബെല്‍ജിയം ഗോള്‍കീപ്പര്‍ കുര്‍ട്ടോസിസും ഗോള്‍വലയ്ക്കു കീഴില്‍ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.

പ്രതിരോധത്തില്‍ റഷ്യ
ലോകകപ്പിലെ മികച്ച പ്രതിരോധനിര ആതിഥേയരായ റഷ്യയുടേതു തന്നെയായിരുന്നു. 259 ഗോള്‍മുന്നേറ്റങ്ങളാണ് റഷ്യന്‍ പ്രതിരോധം തടുത്തിട്ടത്. പാസുകളുടെ കാര്യത്തില്‍ ടിക്കിടാക്കയുടെ ആശാന്‍മാരായ സ്‌പെയിന്‍ തന്നെയായിരുന്നു മുന്‍പന്തിയില്‍. നാലു മല്‍സരങ്ങളില്‍ നിന്നായി 3120 പാസുകളാണ് സ്പാനിഷ് പട പരസ്പരം കൈമാറിയത്.
207 മഞ്ഞ; നാല് ചുവപ്പ്
ആദ്യ സെമി പൂര്‍ത്തിയായപ്പോള്‍ ആകെ 207 മഞ്ഞ കാര്‍ഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടിവന്നത്. നാലു പേരെ ചുവപ്പ് കാര്‍ഡ് നല്‍കി മൈതാനത്തിനു പുറത്തേക്ക് റഫറി പറഞ്ഞയക്കുകയും ചെയ്തു. 3.5 ശരാശരിയാണ് മഞ്ഞ കാര്‍ഡ്. അതേസമയം 0.07 ശരാശരിയാണ് ചുവപ്പ് കാര്‍ഡിനുള്ളത്. ഈ ലോകകപ്പില്‍ ഏറ്റവും പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത  കൊളംബിയ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിനിടെയാണ് ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ടത്.

RELATED STORIES

Share it
Top