റഷ്യന്‍ മണ്ണില്‍ കലാപക്കൊടിയുമായി വീണ്ടും പുസി റയട്ട്‌നസീറ

ലോകകപ്പിനായി ഫ്രാന്‍സും ക്രൊയേഷ്യയും വീറോടെ പോരാടുന്നതിനിെട 52ാം മിനിറ്റില്‍ അധികമൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു പോരാട്ടം കൂടി മൈതാനത്ത് അരങ്ങേറി. മിനിറ്റുകള്‍ക്കുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നാലു പ്രതിഷേധക്കാരെയും തൂക്കിയെടുത്തു പുറത്തേക്കോടുമ്പോള്‍ കാമറക്കണ്ണുകള്‍ അധികം അവര്‍ക്കു നേരെ മിന്നിയില്ല. മൈതാനത്തിലൂടെ വലിച്ചുകൊണ്ടു പോവുന്ന ആ മൂന്നു സ്ത്രീകളും അവരുടെ സംഘടനയും പക്ഷേ, സമകാലിക റഷ്യന്‍ ചരിത്രത്തില്‍ ഒഴിവാക്കാനാവാത്ത ചോദ്യചിഹ്നങ്ങളാണ്.
2014 റഷ്യയില്‍ നടന്ന വിന്റര്‍ ഒളിംപിക്‌സ് വേദിയില്‍ സമാനമായ പ്രക്ഷോഭം അരങ്ങേറിയിരുന്നു. അന്നു കുതിരയെ അടിക്കുന്ന ചാട്ട കൊണ്ട് അടിച്ചും കുരുമുളക് സ്‌പ്രേ പ്രയോഗിച്ചുമാണു പ്രതിഷേധക്കാരായ സ്ത്രീകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരിട്ടത്. ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. പകരം മോഷണക്കുറ്റം ആരോപിച്ച് രണ്ടു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
രണ്ടിടത്തും പ്രതിഷേധങ്ങളുടെ തീ പടര്‍ത്തിയത് 'പുസി റയട്ട്' എന്ന ഫെമിനിസ്റ്റ് രാഷ്ട്രീയ കലാപകാരികളാണ്. റഷ്യന്‍ ഭരണകൂടത്തെയും പൗരോഹിത്യത്തെയും സംഗീതത്തിലൂടെ അത്രമേല്‍ വിറളിപിടിപ്പിക്കുന്ന പെണ്ണുങ്ങളായിരുന്നു അവര്‍. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണു ലോകകപ്പ് മല്‍സരത്തിനിടെ മൈതാനത്ത് ഓടിയത്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, നവമാധ്യമങ്ങളില്‍ ലൈക്കിടുന്നതിന്റെ പേരില്‍ ആളുകളെ ജയിലിലിടുന്നതു നിര്‍ത്തുക, രാജ്യത്ത് രാഷ്ട്രീയമല്‍സരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ കാര്യം 'പുസി റയട്ട്' നേരത്തെ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. യൂനിഫോം ധരിച്ച് കളിക്കളത്തിലേക്കു പാഞ്ഞടുത്ത പെണ്ണുങ്ങള്‍ കളിപ്രേമികളെ സംബന്ധിച്ചിടത്തോളം കല്ലുകടികളിലൊന്നു മാത്രം. എന്നാല്‍ കമ്മ്യൂണിസ്റ്റ് റഷ്യയെന്ന രാജ്യത്തിന്റെ അധികാര ഗര്‍വിനെയും ജനവിരുദ്ധ നയങ്ങളെക്കുറിച്ചുള്ള വീണ്ടുമൊരു ചര്‍ച്ചയ്ക്ക് ഇതു ചൂടുപിടിപ്പിച്ചു.
വഌദിമിര്‍ പുടിന്റെ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് 2013 ഫെബ്രുവരി 21നു മുഖംമൂടിധാരികളായി മോസ്‌കോയിലെ കത്തീഡ്രല്‍ പള്ളിയില്‍ കയറി വെല്ലുവിളിച്ചാണു സംഘടനയുടെ രാഷ്ട്രീയപ്രവേശം. 'വെര്‍ജിന്‍ മേരി പുട് പുടിന്‍ എവേ' എന്ന്അലറിവിളിച്ച് അവര്‍ പാട്ടുപാടി. തെമ്മാടിത്തം, ദൈവനിന്ദ എന്നിവ ആരോപിച്ച് അഞ്ചു പെണ്‍കുട്ടികളെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചാണു സര്‍ക്കാര്‍ പകരംവീട്ടിയത്. ആംനസ്റ്റി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍, സംഘടനയ്‌ക്കെതിരേ നടക്കുന്ന ഭരണകൂട വേട്ടയ്‌ക്കെതിരേ രംഗത്തെത്തി. സ്ത്രീകളുടെയും മറ്റു ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി പോരാടുന്ന സംഘം പുടിനെ ഏകാധിപതി എന്നാണ് വിശേഷിപ്പിക്കുന്നത്.

RELATED STORIES

Share it
Top