റഷ്യന്‍ പ്രസിഡന്റിനെ ട്രംപ് യുഎസിലേക്ക് ക്ഷണിച്ചു

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെ കൂടിയാലോചനയ്ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎസിലേക്ക് ക്ഷണിച്ചു. വൈറ്റ് ഹൗസാണ് ഈ വിവരം അറിയിച്ചത്. അതേസമയം, സെനറ്റിലെ മുതിര്‍ന്ന ഡമോക്രാറ്റ് അംഗം പ്രതിഷേധം രേഖപ്പെടുത്തി. ഹെല്‍സിങ്കിയില്‍ ഇരുനേതാക്കളും പങ്കെടുത്ത ഉച്ചകോടിക്കെതിരേ യുഎസില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഹെല്‍സിങ്കി ഉച്ചകോടിയില്‍ ചര്‍ച്ചചെയ്ത വിഷയങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതാണ് രണ്ടാമത്തെ കൂടിയാലോചനയില്‍ ചര്‍ച്ചചെയ്യുകയെന്ന് ട്രംപ് അറിയിച്ചു.
വാഷിങ്ടണില്‍ വച്ചുള്ള ട്രംപ്-പുടിന്‍ കൂടിക്കാഴ്ച അടുത്തുതന്നെ സംഭവിക്കാമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ സാന്റേഴ്‌സ് പറഞ്ഞു. തുടര്‍ ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെ വാഷിങ്ടണിലേക്ക് ക്ഷണിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന് പ്രസിഡന്റ് ട്രംപ് നിര്‍ദേശം നല്‍കിയതായി സാന്റേഴ്‌സ് ട്വീറ്റ് ചെയ്തു. റഷ്യന്‍ നേതാക്കള്‍ 10 വര്‍ഷം മുമ്പാണ് അവസാനമായി യുഎസ് സന്ദര്‍ശിച്ചത്.
അതേസമയം ഹെല്‍സിങ്കി ഉച്ചകോടി വന്‍ വിജയമായിരുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പറഞ്ഞു. മോസ്‌കോയില്‍ റഷ്യന്‍ അംബാസഡര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. റഷ്യ അമേരിക്കയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഉച്ചകോടിയുടെ പേരില്‍ ചില അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ ട്രംപിനെ വിമര്‍ശിക്കുകയാണ്. അമേരിക്കയുമായി സഹകരണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ട്രംപുമായി സംസാരിച്ചുവെന്നും പുടിന്‍ പറഞ്ഞു.
ഹെല്‍സിങ്കി ഉച്ചകോടിയിലെ വാര്‍ത്താസമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് ട്രംപ് പറഞ്ഞത് അമേരിക്കയില്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തെ ഡമോക്രാറ്റുകളും ട്രംപിന്റെ സ്വന്തം കക്ഷിയായ റിപബ്ലിക്കന്‍മാരും ഒരുപോലെ ഇതിനെ എതിര്‍ത്തിരുന്നു. എതിര്‍പ്പ് ശക്തമായതോടെ അഭിപ്രായത്തില്‍ നിന്നു പിന്‍മാറിയ ട്രംപ് തനിക്ക് അബദ്ധം പറ്റിയെന്നും യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് എഫ്ബിഐ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നുവെന്നും ചൊവ്വാഴ്ച പറഞ്ഞു.
കഴിഞ്ഞദിവസം വീണ്ടും അഭിപ്രായം മാറ്റിയ ട്രംപ് ഭാവിയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനാണു തീരുമാനമെന്നു പറഞ്ഞിരുന്നു. അതിനു പിറകെയാണ് പുടിനെ യുഎസിലേക്ക് ക്ഷണിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചത്.

RELATED STORIES

Share it
Top