റഷ്യക്ക് ആവേശം പകരാന്‍ മലയാളിസംഘം

ടി പി ജലാല്‍

മലപ്പുറം: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കണ്ട് തങ്ങളുടെ ഇഷ്ട ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ കേരളത്തിലെ യുവ ഡോക്ടര്‍മാര്‍ റഷ്യയിലെത്തി. മലപ്പുറം ജില്ലയിലെ മഞ്ചേരി മാനു മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടറും വടകര വില്യാപ്പള്ളി സ്വദേശിയുമായ ഹാരിസ്, ഡോ. നൗഷാദ് തയ്യില്‍, മലപ്പുറം മമ്പാട് സ്വദേശി ഡോ. ഷഫീഖ്, എടവണ്ണയിലെ ഡോക്ടര്‍ പി ജന്നീഫ് എന്നിവരുടെ ഫുട്‌ബോള്‍ ആവേശമാണ് കടല്‍ കടന്നത്.
താന്‍ ആരാധിക്കുന്ന റഷ്യ പ്രധാനമായും മറ്റൊരു മാതൃരാജ്യമാണെന്നാണ് ഡോ. ഹാരിസ് പറയുന്നത്. ഇതിനു കാരണവുമുണ്ട്. മോസ്‌കോയിലെ അലീന ഹാരിസിന്റെ ഭാര്യയാണ്. ഭാര്യയെ കൂട്ടാതെയാണ് സോവിയറ്റ് രാജ്യത്തെ പ്രോല്‍സാഹിപ്പിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം ഹാരിസ് കളി കാണാന്‍ പുറപ്പെട്ടത്. ഇംഗ്ലണ്ടിന്റെ ആരാധകനാണ് ഡോക്ടര്‍ ജന്നീഫ്. ഡോക്ടര്‍ ഷഫീഖും നൗഷാദും റഷ്യന്‍ ആരാധകര്‍ തന്നെയാണ്. കഴിഞ്ഞദിവസം ചരിത്രമുറങ്ങുന്ന വോള്‍ഗോഗ്രാഡ് സ്റ്റേഡിയത്തില്‍ നിന്ന് ഇംഗ്ലണ്ട്-തുണീസ്യ മല്‍സരമാണ് ഇവര്‍ നേരില്‍ കണ്ടത്.  രണ്ടാംലോക മഹായുദ്ധം നടന്ന ചരിത്രപ്രധാനമായ സിറ്റിയാണിത്. നേരത്തെ സ്റ്റാലിന്‍ ഗ്രാഡെന്ന പേരിലുള്ള സിറ്റിയാണ് പിന്നീട്് വോള്‍ഗോഗ്രാഡായത്. റഷ്യയുടെ രണ്ടാം മല്‍സരം ഇവരുടെ ഫാന്‍സ് കോര്‍ണറില്‍ നിന്ന്് കണ്ടു. കൂറ്റന്‍ സ്‌ക്രീനിനു മുമ്പിലെ കാഴ്ച സ്റ്റേഡിയത്തില്‍ കാണുന്ന പ്രതീതിയാണുള്ളത്. ഇന്ത്യക്കാരാണെന്നറിഞ്ഞതോടെ വന്‍ സ്വീകരണമാണ് റഷ്യന്‍ ആരാധകരില്‍ നിന്നു ലഭിച്ചതെന്ന് ഇവര്‍ പറഞ്ഞു.
ഇനി സൗദി- ഈജിപ്ത് മല്‍സരവും ഐസ്‌ലന്റ്-നൈജീരിയ മല്‍സരവും സമയം ലഭിച്ചാല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന ബ്രസീല്‍- കോസ്റ്റാറിക്ക പോരാട്ടവും നേരില്‍ കാണും- സംഘം പറഞ്ഞു. കഴിഞ്ഞ 15നാണ് നാല്‍വര്‍ സംഘം മോസ്‌കോയിലെത്തിയത്.  മെഡിക്കല്‍ വിദ്യാര്‍ഥിയും കൊല്ലം സ്വദേശിയുമായ ബിലാല്‍ ഇവരെ സ്വീകരിക്കാനെത്തിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ ഇഷ്ടപ്പെടുന്നവരായതിനാലാണു ഞങ്ങള്‍ ഇംഗ്ലണ്ടിന്റെ ആരാധകരായത്. കളി നടക്കുന്ന പൊതു നിരത്തില്‍ പോലും ഫിഫ മദ്യനിരോധനം ഏര്‍പ്പെടുത്തിയതുമൂലം പ്രശ്‌നങ്ങളില്ല. കളി കാണാനെത്തുന്നവര്‍ക്ക് എല്ലാവിധ സുരക്ഷയും രാജ്യം ഉറപ്പാക്കിയത് അനുഗ്രഹമാണെന്നും ഇവര്‍ പറഞ്ഞു. 26നാണ് സംഘം മടങ്ങുക.

RELATED STORIES

Share it
Top