റഷ്യക്കെതിരേ യുഎസ് ഉപരോധം ചുമത്തും

വാഷിങ്ടണ്‍: സിറിയയിലെ രാസായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരേ ഉപരോധം ചുമത്തുമെന്നു യുഎസ്. മണിക്കൂറുകള്‍ക്കുള്ളില്‍ ഉപരോധം ചുമത്തുമെന്നു യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മഞ്ചിന്‍ വരുംദിവസങ്ങളില്‍ പുതിയ സാമ്പത്തിക ഉപരോധം ചുമത്തുമെന്നായിരുന്നു പ്രഖ്യാപനം. സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടവുമായി ബന്ധമുള്ള റഷ്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് ഉപരോധം. ലക്ഷ്യം നേടുന്നതു വരെ സിറിയയില്‍ നിന്നു സൈന്യം പിന്മാറില്ലെന്നും യുഎസ് വ്യക്തമാക്കി. സിറിയയിലെ വ്യോമാക്രമണത്തെ അപലപിക്കാന്‍ റഷ്യ കൊണ്ടുവന്ന പ്രമേയത്തെ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ഞായറാഴ്ച തള്ളിയിരുന്നു.
യുഎസിന്റെ പുതിയ സാമ്പത്തിക ഉപരോധത്തിനെതിരേ വൈകാതെ തന്നെ മറുപടി നല്‍കുമെന്നു റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റെയ്ബ്‌കോവ്. യുഎസ് ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ റഷ്യന്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡോളറിന്റെ അന്താരാഷ്ട്ര നിലവാരത്തെ യുഎസ് ദുരുപയോഗം ചെയ്യുന്നതിനെ പറ്റി റഷ്യന്‍ അധികൃതര്‍ ചര്‍ച്ച നടത്തിവരുകയാണെന്നും അദ്ദേഹം അറിയിച്ചു.
സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണയ്ക്കുന്ന റഷ്യക്കെതിരേ പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിറകെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. ക്രിമിയ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ക്കല്‍, ഉക്രെയ്ന്‍ സംഘര്‍ഷത്തിലെ ഇടപെടല്‍, 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇടപെടല്‍ എന്നീ വിഷയങ്ങളില്‍ നേരത്തേ യുഎസ് റഷ്യക്കെതിരേ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top