റഷീദ് കണിച്ചേരി : അധ്യാപകനായെത്തി നേതാവായി മാറിയ കര്‍മകാണ്ഡംപാലക്കാട്: തന്റെ 22ാമത്തെ വയസ്സിലാണ് റഷീദ് കണിച്ചേരി കൊല്ലത്ത് നിന്ന് പാലക്കാട്ടേക്കെത്തിയത്. രണ്ടും കമ്മ്യൂണിസ്റ്റ് പാരമ്പര്യമേറെയുള്ള ജില്ലകളാണെന്നത് ഏറെ ശ്രദ്ധേയം. കൊല്ലം ചവറ പന്മന പുത്തന്‍ചന്ത കുളത്തിന്റെ വടക്കതില്‍(കണിച്ചേരി) കെ എം ഉമര്‍ഖാന്റെയും പാത്തുമ്മാകുഞ്ഞിന്റെയും രണ്ടാമത്തെ മകനായി 1949 ഒക്‌ടോബര്‍ 26ന് ജനിച്ച റഷീദ് കണിച്ചേരി കോളജ് വിദ്യാഭ്യാസത്തിനു ശേഷം  1971ലാണ് പാലക്കാട്ടെത്തിയത്. ഭൂരിഭാഗം വിദ്യാര്‍ഥികളും പാരലല്‍ കോളജിനെ ആശ്രയിക്കുന്ന സമയം. അവിടേക്കാണ്, ശക്തി കോളജില്‍ മലയാളം പഠിപ്പിക്കാന്‍ റഷീദ് നിയോഗിക്കപ്പെടുന്നത്. ഒന്നര വര്‍ഷം അവിടെ പഠിപ്പിച്ചു. സംഘാടക ഗുണം അന്നേ പ്രകടമാക്കിയ റഷീദിനെ തേടി കെഎസ്‌വൈഎഫിന്റെ നേതൃസ്ഥാനമെത്തി. പാലക്കാട് താലൂക്ക് പ്രസിഡന്റായും 1977 വരെ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. പുരോഗമന കലാസാഹിത്യസംഘത്തിന്റെയും പ്രവര്‍ത്തകനായി. പാലക്കാട് മോയന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ഏറെക്കാലം അധ്യാപകനായി. 1980ല്‍ കേരള ഗവണ്‍മെന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ജില്ലാ  സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായി. 1991ല്‍ കെഎസ്ടിഎയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായി. 1999 മുതല്‍ 2005 വരെ കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ്, അധ്യാപകരുടെയും ജീവനക്കാരുടെയും ദേശീയ ഫെഡറേഷന്റെ വൈസ് പ്രസിഡന്റ്, അധ്യാപക സംഘടനകളുടെ ദേശീയ ഫെഡറേഷനായ എസ്ടിഎഫ്‌ഐയുടെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും തന്റെ കഴിവ് പ്രകടമാക്കി. 2002ല്‍ എ കെ ആന്റണി സര്‍ക്കാറിന്റെ ദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ 32 ദിവസത്തെ പണിമുടക്കിന്റെ നായകരില്‍ പ്രധാനിയും റഷീദ് കണിച്ചേരിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ബദല്‍ പാഠപുസ്തകങ്ങള്‍ അച്ചടിച്ചിറക്കി വഴിയോര ക്ലാസുകള്‍ നടത്തി ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തിനെതിരെ എണ്‍പതുകളിലും തൊണ്ണൂറുകളിലും നടന്ന വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കാനും കണിച്ചേരി മുന്നിലുണ്ടായിരുന്നു.

RELATED STORIES

Share it
Top