റഷീദലി ശിഹാബ് തങ്ങളെ സമസ്തയുടെ പരിപാടിയില്‍ നിന്നൊഴിവാക്കി

പി എസ് അസൈനാര്‍
മുക്കം: വിലക്കു ലംഘിച്ച് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ക്ക് സമസ്തയുടെ പരിപാടിയില്‍  ഭ്രഷ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി  മുക്കത്ത് നടന്ന ഓമശ്ശേരി മേഖല സുന്നി മഹല്ല് ഫെഡറേഷന്‍ പരിപാടിയില്‍ സമാപന ദിവസമായ ഞായറാഴ്ച യോഗത്തില്‍ റഷീദലി തങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതുമായി വിവാദമുയര്‍ന്നതോടെ തങ്ങളെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് അവസാന നിമിഷം വിലക്കി.
ഇതാടെ ലീഗും സമസ്തയും തമ്മില്‍ ഭിന്നത തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്്. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം നേരത്തെ പ്രസ്താവന നല്‍കിയിരുന്നു. ഈ വിലക്കു ലംഘിച്ചാണ് പാണക്കാട് റഷീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് യോഗത്തില്‍ സംബന്ധിച്ചത്.
സമസ്ത കേന്ദ്ര മുശാവറ അംഗം കെ  ഉമര്‍ ഫൈസി മുക്കം, സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന നേതാക്കളായ നാസര്‍ ഫൈസി കൂടത്തായി, കെഎന്‍എസ് മൗലവി, മുസ്തഫ മുണ്ടുപാറ തുടങ്ങി പ്രമുഖ സമസ്ത നേതാക്കളുടെ നേതൃത്വത്തിലായിരന്നു മുക്കത്തെ പരിപാടി. പങ്കെടുത്ത നേതാക്കള്‍ റഷീദലി തങ്ങള്‍ക്കും മുനവറലി തങ്ങള്‍ക്കുമെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയത്. ഇതിനെ ഹര്‍ഷാരവത്തോടെയാണ് അണികള്‍ എതിരേറ്റതും.  തിരഞ്ഞെടുപ്പുകളിലെ രാഷ്ടീയ നിലപാടുകളിലടക്കം വിഷയം പ്രതിഫലിക്കുമെന്ന മുന്നറിയിപ്പും പ്രസംഗത്തില്‍ നിഴലിച്ചിരുന്നു.
പാണക്കാട് തങ്ങള്‍മാര്‍ മുസ്ലിംലീഗിന്റേയും സമസ്തയുടേയും നേതൃത്വം ഒരുമിച്ച് വഹിക്കുന്നവരാണെങ്കിലും ആശയപരമായി സമസ്ത പിന്തുടരുന്ന സുന്നീ ചിന്തയില്‍ വിശ്വസിക്കുന്നവരാണ്. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും പാണക്കാട് കുടുംബത്തില്‍ നിന്നും രണ്ടു പേര്‍ മുജാഹിദ് സമ്മേളന വേദിയില്‍ എത്തുന്നത്. മുജാഹിദ് നേതൃത്വവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പോലും മുജാഹിദ് വേദികളില്‍ സംബന്ധിച്ചിരുന്നില്ലെന്നും സമസ്ത നേതാക്കള്‍ ചൂണ്ടികാണിക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പള്ളി മദ്—റസ മഹല്ല് സമ്മേളനത്തിലാണ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടകനായത്. ഭിന്നതകള്‍ മറന്നു ഒരുമിച്ചു നില്‍ക്കണമെന്നും മതസംഘടനകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ അവസാനിപ്പിക്കണം എന്നുമാണ് തങ്ങള്‍ പരിപാടിയില്‍ ആഹ്വാനം ചംയ്തത്.
യുവജന സമ്മേളനമാണ് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ടു കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തത്. റശീദലി ശിഹാബ് തങ്ങള്‍ സംബന്ധിച്ചാലും മുനവ്വറലി തങ്ങള്‍ പോകില്ലെന്നായിരുന്നു സമസ്ത നേതൃത്വത്തിന്റെ കണക്കൂകൂട്ടല്‍. എന്നാല്‍ സമസ്തയെ ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും  കൂരിയാട്ടെ വേദിയിലെത്തിയത്.
സോഷ്യല്‍ മീഡിയയിലും അണികള്‍ തമ്മില്‍ ശക്തമായ വാഗ്വാദലാണ്. മുജാഹിദ് വേദിയില്‍ പങ്കെടുത്ത് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമസ്ത ഉന്നത കൂടിയാലോചനാ സഭ ജനുവരി 10 യോഗം ചേരും. അടിയന്തര ഭാരവാഹികളുടെ യോഗം നാളെ ചേളാരിയിലെ ആസ്ഥാനത്തും നടക്കും. സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും ഇരുവരേയും മാറ്റി നിര്‍ത്താനാണ് സമസ്ത ആലോചിക്കുന്നത്. മുനവ്വറലി ശിഹാബ് തങ്ങള്‍ എസ്‌കെഎസ്എസ്എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രന്റ് സാരഥിയാണ്. സുന്നീ മഹല്ല് ഫെഡരേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റാണ് റശീദലി തങ്ങള്‍.

RELATED STORIES

Share it
Top