റവന്യൂ വകുപ്പിന്റെ വിലക്ക് വകവയ്ക്കാതെ നികത്തിയ വയലില്‍ നിര്‍മാണപ്രവൃത്തി

ആനക്കര: നികത്തിയ വയലില്‍ സ്വകാര്യ വ്യക്തി നിര്‍മാണ പ്രവൃത്തിയും തുടങ്ങി. കൂറ്റനാട് മേഴത്തൂര്‍ പ്രധാനപാതയില്‍നിന്നും 100 മീറ്റര്‍ മാത്രം ഉള്ളിലായാണ് ഏക്കര്‍ കണക്കിന് വയല്‍നികത്തിയത്. ഇതിന് തൊട്ടുള്ള ഭാഗങ്ങളിലെല്ലാംതന്നെ നെല്‍കൃഷിയിറക്കുകയും വിളവെടുപ്പിന് പാകമായി വരികയുമാണ്. പുളയപ്പറ്റ കായലുമായി ബന്ധപ്പെട്ടുള്ള ഇരുപ്പൂവ്വല്‍ കൃഷിഭൂമിയാണിത്. കര്‍ഷകരുടെയും നാട്ടുകാരുടെയും പരാതിയില്‍ വയല്‍നികത്തലുമായി ബന്ധപ്പെട്ട് തൃത്താല വില്ലേജ് ഓഫിസര്‍ ഉള്‍പ്പടെ റവന്യുവകുപ്പ് ഉടമക്ക് നോട്ടിസ് നല്‍കുകയും മണ്ണ് നീക്കംചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മണ്ണ് നീക്കമെന്ന് ഉടമ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവത്രെ. തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതാണ് കണ്ടത്. ആദ്യം തെങ്ങിന്‍തൈകള്‍ വച്ചുപിടിപ്പിക്കുകയും പിന്നീട് ഉടമയുടെ അധീനതയിലുള്ള ക്രഷര്‍ മെറ്റല്‍ യൂനിറ്റ്, ക്വാറി എന്നിവിടങ്ങളില്‍ നിന്നും വേസ്റ്റ് പൊടികളും മറ്റും കൊണ്ടിട്ട് നികത്തുകയുമായിരുന്നു. വാഹനസൗകര്യത്തിനായി പാതയും നിര്‍മിച്ചിട്ടുണ്ട്. വയല്‍ നികത്തി കോണ്‍ക്രീറ്റ് മിക്‌സിങ് യൂനിറ്റ് തുടങ്ങാനാണ് ഉടമയുടെ പദ്ധതിയെന്നാണ് അറിയുന്നത്. നെല്‍പ്പാടം നികത്തുന്നതിനെതിരെ പാലക്കാട് സിജെഎം കോടതിയെ റവന്യൂവകുപ്പ് സമീപിച്ചിരിക്കുകയാണ്. ഇതിനിടെയണ് നിര്‍മാണ പ്രവൃത്തി നടന്നുവരുന്നത്. പ്രവൃത്തികള്‍ നിര്‍ത്തിവക്കുന്നതിന് ഉത്തരവിട്ടുള്ളതായി റവന്യുവകുപ്പ് അറിയിച്ചു.

RELATED STORIES

Share it
Top