റവന്യൂ റിക്കവറി പിരിവില്‍ സര്‍വകാല റെക്കോഡുമായി ആലപ്പുഴ

ആലപ്പുഴ: റവന്യൂ റിക്കവറി പിരിവില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആലപ്പുഴ ജില്ല റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 85.68 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 105.42 കോടി രൂപയാണ് ജില്ല ഭരണകൂടം പിരിച്ചെടുത്തത്.
താലൂക്കുകളില്‍ ചേര്‍ത്തല താലൂക്ക് 24.11 കോടി രൂപ പിരിച്ചെടുത്ത് മുന്നിലെത്തി.കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലായി പിരിച്ചെടുക്കാന്‍  ഉണ്ടായിരുന്ന തുകയുടെ 96.90 ശതമാനം തുകയും കഴിഞ്ഞ ഒറ്റ സാമ്പത്തിക വര്‍ഷത്തിനിടയില്‍ പിരിച്ചെടുത്തതായി ജില്ല കളക്ടര്‍ ടി.വി.അനുപമ പറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷം 80.60 കോടി രൂപ പിരിച്ചെടുത്ത സ്ഥാനത്താണ് സംസ്ഥാനത്ത് തന്നെ മികച്ച നേട്ടം ഈ കാര്യത്തില്‍ ജില്ല കൈവരിച്ചത്.
മറ്റു താലൂക്കുകളില്‍ അമ്പലപ്പുഴ 19.2 കോടി രൂപയുടെ പിരിവുമായി രണ്ടാമതെത്തി. കാര്‍ത്തികപ്പള്ളി 16.09 കോടിയും മാവേലിക്കര 13.42 കോടിയും പിരിച്ചെടുത്തു. ചെങ്ങന്നൂര്‍ താലൂക്ക് 12.41 കോടി രൂപ പിരിച്ചെടുത്തപ്പോള്‍ കുട്ടനാട് താലൂക്കിലെ പിരിവ് 8.43 കോടി രൂപയായിരുന്നു. റവന്യൂപിരിവ് ഊര്‍ജിതമാക്കുന്നതിനായി യത്‌നിച്ച തഹസില്‍ദാര്‍മാര്‍, റവന്യൂ റിക്കവറി ഡപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരെ ജില്ല കലക്ടര്‍ അഭിനന്ദിച്ചു.

RELATED STORIES

Share it
Top