റവന്യൂ മന്ത്രി അറിയാതെ കൈക്കൊണ്ട തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: റവന്യൂ മന്ത്രി അറിയാതെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയെ മാറ്റിയ തീരുമാനം പിന്‍വലിച്ചതിനു പിന്നില്‍ സിപിഐയുടെ എതിര്‍പ്പ്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തിലുള്ള അതൃപ്തി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
ലതയ്ക്കു പകരം ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായി കഴിഞ്ഞ മന്ത്രിസഭാ യോഗം നിയമിച്ച വ്യവസായ ഡയറക്ടര്‍ കെ എന്‍ സതീഷിനെ രജിസ്‌ട്രേഷന്‍ ഐജിയായി നിയമിച്ചിരുന്നു. രജിസ്‌ട്രേഷന്‍ ഐജിയുടെ അധികചുമതലയും ലതയാണ് വഹിച്ചുവന്നിരുന്നത്. സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലായിരുന്നതിനാല്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ചന്ദ്രശേഖരന്‍ പങ്കെടുത്തിരുന്നില്ല. ഈ മന്ത്രിസഭാ യോഗമാണ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയെ മാറ്റാന്‍ തീരുമാനിച്ചത്. സ്ഥലംമാറ്റ വിവരം മാധ്യമങ്ങളില്‍ നിന്നാണ് റവന്യൂ മന്ത്രി അറിഞ്ഞത്.
തുടര്‍ന്ന്, ശക്തമായ വിയോജിപ്പ് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഭൂരേഖകളുമായി ബന്ധപ്പെട്ട ഡിജിറ്റലൈസേഷന്‍ ജോലി ലാന്‍ഡ് ബോര്‍ഡില്‍ പുരോഗമിക്കുന്നതിനിടെയാണ് ലതയെ മാറ്റിയത്.
ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയെ മാറ്റിയ നടപടി ചീഫ് സെക്രട്ടറിക്ക് സംഭവിച്ച പിഴവാണെന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. മിച്ചഭൂമി കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സി എ ലത മികവു കാട്ടിയിരുന്നു.
കൂടാതെ, ഭൂപരിഷ്‌കരണവും അനുബന്ധ പ്രശ്‌നങ്ങളും മിച്ചഭൂമിയുടെ വിതരണം, കൈയേറ്റം തുടങ്ങി സങ്കീര്‍ണമായ കാര്യങ്ങളും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ ചുമതലയാണ്. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ചുമതലയുമുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് സി എ ലതയെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിസ്ഥാനത്ത് നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

RELATED STORIES

Share it
Top