റവന്യൂ ദിനാചരണം31.25 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തുകോട്ടയം: റവന്യൂ ദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 65 പേര്‍ക്ക് 31.25 ലക്ഷം രൂപയുടെ ധനസഹായം റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ അജിത് കുമാര്‍ വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളില്‍പ്പെട്ട 41 പട്ടയങ്ങളും വിതരണം ചെയ്തു. ഇതില്‍ 30 എണ്ണം മിച്ചഭൂമി പട്ടയവും ഏഴെണ്ണം കുടികിടപ്പ് പട്ടയവും നാലെണ്ണം ലാന്‍ഡ് അസൈന്‍മെന്റ് പട്ടയവുമാണ്. വിവിധ തര്‍ക്കങ്ങള്‍ സംബന്ധിച്ച് സര്‍വേ നടത്തി തീര്‍പ്പാക്കിയ 20 കേസുകളില്‍ അപേക്ഷകര്‍ക്കുള്ള അറിയിപ്പും ചടങ്ങില്‍ കൈമാറി. വിവര സാങ്കേതിക വിദ്യ ഉള്‍പ്പടെയുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തി സാധാരണക്കാരായ ജനങ്ങള്‍ക്ക് ഗുണമേന്മയുളള സേവനം കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്ന് കലക്ടര്‍ സി എ ലത ആവശ്യപ്പെട്ടു. ജില്ലാതല റവന്യൂ ദിനാചരണ പരിപാടി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. കുടിവെള്ള വിതരണം പോലുള്ള പ്രശ്‌നങ്ങളില്‍ അവയുടെ അടിയന്തര പ്രാധാന്യം തിരിച്ചറിഞ്ഞ് ഫയലുകളില്‍ വളരെ പെട്ടെന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇഡിസ്ട്രിക്റ്റ് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ഭരണ സംവിധാനങ്ങള്‍ കൂടുതല്‍ വ്യാപകമാവുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇഡിസ്ട്രിക്ട് പദ്ധതിക്കു കീഴില്‍ ജില്ലയില്‍ ഇരുവരെ 10.33 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഒമ്പതു ലക്ഷത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍ ഈ സംവിധാനത്തിലൂടെ വിതരണം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ റവന്യൂ റിക്കവറി സംബന്ധിച്ച എല്ലാ ഫയലുകളും ഓണ്‍ലൈനാക്കിയതായി കലക്ടര്‍ അറിയിച്ചു. നിബന്ധനകള്‍ക്ക് വിധേയമായി പാടം നികത്തി വീടു വയ്ക്കുന്നതിന് അനുമതി തേടിയ 20 കേസുകളില്‍ അനുമതി പത്രവും വിതരണം ചെയ്തു. നാഗമ്പടത്തെ റയില്‍വേ മേല്‍പ്പാലത്തിനായി ഭൂമി ഏറ്റെടുത്ത വകയില്‍ ഭൂഉടമകള്‍ക്ക് അനുവദിച്ച നഷ്ടപരിഹാരതുകയുടെ വിതരണം കലക്ടര്‍ നിര്‍വഹിച്ചു.അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി അജന്തകുമാരി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കലക്ടര്‍മാരായ വി ഡി ജോണ്‍, ഡാലിസ് ജോര്‍ജ്, സണ്ണി ജോണ്‍, ആര്‍ഡിഒ മാരായ കെ രാംദാസ്, കെ രാജന്‍, ഫിനാന്‍സ് ഓഫിസര്‍ റെയ്ച്ചല്‍ ജോര്‍ജ്, ഹുസൂര്‍ ശിരസ്താദാര്‍ കെ എ മുഹമ്മദ്ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top