റയല്‍ മാഡ്രിഡ് റിട്ടേണ്‍സ്


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിജയ വഴിയിലേക്ക് മടങ്ങിയെത്തി റയല്‍ മാഡ്രിഡ്. മോശം ഫോമിന്റെ സമ്മര്‍ദ്ദത്തില്‍ സ്വന്തം തട്ടകത്തിലിറങ്ങിയ റയല്‍ മാഡ്രിഡ് ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്കാണ് ഡിപോര്‍ട്ടീവോ ല കൊരുണയെ തകര്‍ത്തുവിട്ടത്. സൂപ്പര്‍ താരങ്ങളായ ഗാരത് ബെയ്‌ലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഫോം കണ്ടെത്തി മടങ്ങി വന്നതാണ് റയലിന്റെ അക്കൗണ്ടിലേക്ക് മിന്നും ജയം സമ്മാനിച്ചത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ 4-3-3 ശൈലിയില്‍ ബൂട്ടണിഞ്ഞ റയലിനെ അതേ നാണയത്തിലിറങ്ങിയാണ് ഡിപോര്‍ട്ടീവോ തന്ത്രം മെനഞ്ഞത്. ബെന്‍സീമക്ക് പകരം മായൊരാലിനെ സ്‌ട്രൈക്കര്‍ സ്ഥാനത്ത് ഇറക്കിയാണ് സിദാന്‍ ടീമിനെ അണി നിരത്തിയത്. പന്തടക്കത്തിലെ ആധിപത്യം തുടക്കം മുതല്‍ നിലനിര്‍ത്തി മുന്നേറിയ റയലിനെ ഞെട്ടിച്ച് 23ാം മിനിറ്റില്‍ ഡിപോര്‍ട്ടീവോ അക്കൗണ്ട് തുറന്നു. അഗ്രിയാന്‍ ലോപ്പസാണ് ഡിപോര്‍ട്ടീവോയ്ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ പതറാതെ പന്ത് തട്ടിയ റയല്‍ നിര 32ാംമിനിറ്റില്‍ സമനില പിടിച്ചു. മാഴ്‌സലോയുടെ അസിസ്റ്റില്‍ നാച്ചോയാണ് റയലിന് സമനില ഗോള്‍ സമ്മാനിച്ചത്. ആദ്യ പകുതി പിരിയുംമുമ്പേ വീണ്ടും വലകുലുക്കി റയല്‍ കരുത്തുകാട്ടി. 42ാം മിനിറ്റില്‍ മാഴ്‌സലോ യുടെ അസിസ്റ്റിനെ ബെയ്ല്‍ വലയിലാക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 2-1ന്റെ ആധിപത്യം റയലിനൊപ്പം നിന്നു. രണ്ടാം പകുതിയില്‍ മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. 58ാം മിനിറ്റില്‍ ക്രൂസിന്റെ പാസ്സ് ഹെഡറിലൂടെ ഗോളാക്കി ബെയ്ല്‍ റയലിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 68ാം മിനുട്ടില്‍ മോഡ്രിച്ചും ഗോള്‍ നേടിയതോടെ റയല്‍ വമ്പന്‍ ജയം ഉറപ്പിച്ചു. പിന്നീടുള്ള സമയത്ത് മോശം ഫോമില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരട്ട ഗോളുകളുമായി കളം വാണതോടെ ഗാലറിയിലെ ആവേശം ഇരമ്പിയടിച്ചു. 78ാം മിനിറ്റില്‍ കാസമിറോയുടെ അസിസ്റ്റിലൂടെ ആദ്യ ഗോള്‍ അക്കൗണ്ടിലാക്കിയ റൊണാള്‍ഡോ 84ാം മിനിറ്റില്‍ ലൂക്കാസിന്റെ അസിസ്റ്റിലാണ് രണ്ടാം ഗോള്‍ നേടിയത്. അവസാന മിനിറ്റുകളില്‍ ആക്രമിച്ച് മുന്നേറിയ റയലിന് വേണ്ടി 88ാം മിനിറ്റില്‍ നാച്ചോ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ 19 മല്‍സരങ്ങളില്‍ നിന്ന് 35 പോയിന്റുള്ള റയല്‍ മാഡ്രിഡ് നാലാം സ്ഥാനത്താണുള്ളത്.

RELATED STORIES

Share it
Top