റമദാന്‍ രാവുകളില്‍ പോലിസ് തേര്‍വാഴ്ച ; ഭീതിയോടെ സിറ്റിയിലെ കുടുംബങ്ങള്‍കണ്ണൂര്‍: സിറ്റി സ്‌കൂളിലെ മെംബര്‍ഷിപ്പ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തിന്റെ മറവില്‍ മേഖലയില്‍ പോലിസ് നടത്തുന്നത് തേര്‍വാഴ്ച. റമദാന്‍ രാവുകളില്‍ പോലും നിരപരാധികളുടെ വീടുകളിലും സ്ഥാപനത്തിലും മറ്റും കയറി ഭീഷണിപ്പെടുത്തുകയും അതിക്രമം കാട്ടുകയുമാണ്. കാംപസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളിലും മറ്റുമാണ് പോലിസ് പരിശോധനയെന്ന മറവില്‍ ഭീതി പരത്തുന്നത്. രോഗികളുള്ള വീടുകളിലും ഭാര്യാഭര്‍ത്താക്കന്‍മാരുടെ കിടപ്പുമുറിയിലും വരെ അര്‍ധരാത്രി പോലിസെത്തി ഭീഷണിപ്പെടുത്തുന്നതായി വീട്ടമ്മമാര്‍ പരാതിപ്പെട്ടു. സിറ്റി കുഞ്ഞിപ്പള്ളിയിലെ ഷമലിന്റെ വീട്ടിലെത്തിയ പോലിസ് സംഘം ഇരച്ചുകയറി മകന്റെ മയ്യിത്തേ കാണൂവെന്ന് ഭീഷണിപ്പെടുത്തി. കോളിങ് ബെല്‍ തകര്‍ത്താണ് പോലിസ് സംഘം വീട്ടില്‍ കയറിയത്. തായത്തെരു കട്ടിങിനു സമീപത്തെ റംസീഖിന്റെ ഭാര്യവീട്ടില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുണ്ടെന്ന അഭ്യര്‍ഥന പോലും വകവയ്ക്കാതെയാണ് പോലിസ് സംഘം പരിശോധന നടത്തിയത്. പലയിടത്തും വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തു കയറിയത്. ഐറ്റാണ്ടി പൂവളപ്പിലെ ഷൗക്കത്തലിയുടെ വീട്ടില്‍ പാതിരാത്രി മൂന്നോടെയെത്തിയ പോലിസ് സംഘം, മോനെ ജീവിക്കാന്‍ വിടില്ലെന്നും മയ്യിത്ത് കൊണ്ടുവരുമ്പോള്‍ നോക്കിയാല്‍ മതിയെന്നും ഭീഷണിപ്പെടുത്തിയതായി വീട്ടുകാര്‍ പറയുന്നു. നാലു ദിവസമായി തുടര്‍ച്ചയാണ് കണ്ണൂര്‍ സിറ്റി മേഖലയില്‍ പോലിസ് ഭീകരത സൃഷ്ടിക്കുകയാണ്. തായത്തെരുവിലെ ജംഷീദിന്റെ വീട്ടിലും സമാന അനുഭവങ്ങളാണുള്ളത്. ആദ്യദിവസങ്ങളില്‍ വനിതാ പോലിസില്ലാതെ വീടുകളിലെത്തുന്ന പോലിസുകാര്‍ ഭീഷണി തുടര്‍ന്നതോടെ ഇതിനെതിരേ ഉന്നത പോലിസുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, പേരിനൊരു വനിതാ കോണ്‍സ്റ്റബിളിനെ മുന്‍നിര്‍ത്തിയാണ് അതിക്രമങ്ങളെല്ലാം. കേട്ടാലറയ്ക്കുന്ന അസഭ്യവും ഭീഷണിയുമാണ് പോലിസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. റമദാന്‍ അവസാന പത്തായതിനാല്‍ പള്ളികളില്‍ ഇഅ്തികാഫിരിക്കാന്‍ വരുന്നവരെ പോലും പോലിസ് വെറുതെവിടുന്നില്ല. കടലായി പള്ളിയില്‍ കഴിഞ്ഞ ദിവസം പോലിസെത്തി കിടന്നുറങ്ങുന്നവരെയെല്ലാം വിരട്ടി. കഴിഞ്ഞ ദിവസം ചിറക്കല്‍കുളത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന റഊഫ് എന്ന യുവാവിനെ കടയില്‍ക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഒടുവില്‍ നിരപരാധിയാണെന്നു കണ്ടെത്തിയതോടെ വിട്ടയച്ചു. കേസുമായി ബന്ധമില്ലാതിരുന്നിട്ടും രണ്ടുദിവസം മുമ്പ് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം എ ആസാദിനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പ്രതികളായവരുടെ വീടുകളില്‍ പോലിസ് പേരിനു പരിശോധന പോലും നടത്തുന്നില്ല. നിരവധി കേസുകളില്‍ പ്രതികളായവരും ഈയിടെ സിപിഎമ്മിലെത്തിയവരുമായ യുവാക്കളാണ് സിറ്റിയിലെ പ്രശ്‌നങ്ങള്‍ക്കു കാരണം. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ മറവില്‍ എസ്ഡിപിഐ ഓഫിസും പതിറ്റാണ്ടുകളായി സേവനപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന കൈസ് ഓഫിസും തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘട്ടനത്തിനു കാരണം. ഇത്തരത്തില്‍ പോലിസ് ഭീകരത തുടരുകയാണെങ്കില്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കാനാണ് വീട്ടമ്മമാരുടെ തീരുമാനം. സിപിഎമ്മിനു വേണ്ടിയുള്ള പോലിസ് നടപടി പ്രദേശത്ത് വ്യാപകപ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

RELATED STORIES

Share it
Top