റമദാന്‍ : ഭക്ഷണ ശാലകളില്‍ കര്‍ശന പരിശോധനദോഹ: റമദാനു മുന്നോടിയായി രാജ്യത്തെ ഭക്ഷ്യശാലകളില്‍ കര്‍ശന പരിശോധന നടത്തുന്നതിന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. സാമ്പത്തിക വാണിജ്യ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നഗരസഭ പരിസ്ഥിതി മന്ത്രാലയമാണ് ഭക്ഷ്യശാലകളില്‍ പരിശോധന കര്‍ശനമാക്കുന്നത്. റമദാന്‍ തുടങ്ങുന്നതിന് മുമ്പും പിന്നീടും കൂടുതല്‍ പരിശോധന നടത്താനാണ് പദ്ധതി.    പതിവ് പരിശോധനയ്ക്കു പുറമെയാണ് റമദാനോടനുബന്ധിച്ച് വിശദ പരിശോധനയ്ക്ക് മന്ത്രാലയം തയ്യാറെടുക്കുന്നത്.  റമദാന്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഭക്ഷണശാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കഫ്റ്റീരിയകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. റമദാന്‍ പോലുള്ള വിശേഷാവസരങ്ങളില്‍ പരിശോധന കൂടുതല്‍ ആവശ്യമായതിനാല്‍ അടിയന്തരഘട്ടങ്ങളില്‍ ഒഴികെ ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കാറില്ലെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചതായി പെനിന്‍സുല റിപോര്‍ട്ട് ചെയ്തു.      റമദാന്റെ തുടക്കത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണശാലകളിലുമായാണ് പ്രധാനമായും പരിശോധന നടക്കുക. റമദാന്റെ മധ്യത്തോടെ നട്ട്‌സ്, ഉണക്ക പഴങ്ങള്‍, ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള ഗരന്‍ഗാവ് പലഹാരങ്ങള്‍ വില്‍ക്കുന്ന കടകളും റമദാന്റെ അവസാന ദിവസങ്ങളില്‍ അറവുശാലകളിലുമായിരിക്കും പരിശോധന കേന്ദ്രീകരിക്കുന്നത്. റമദാനോടനുബന്ധിച്ച് തിരക്കു വര്‍ധിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിലാകും പരിശോധന കര്‍ശനമാക്കുന്നത്. ഭക്ഷണശാലകളില്‍ തിരക്ക് കൂടുമ്പോള്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജീവനക്കാര്‍ ശ്രദ്ധ ചെലുത്താറില്ല എന്നതുകൊണ്ടാണ് ഭക്ഷണശാലകളിലും മറ്റും സമഗ്ര പരിശോധന നടത്തുന്നത്.

RELATED STORIES

Share it
Top