റമദാനില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കും ; ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അവധിയില്ലദോഹ: റമദാനില്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നടപടികളുമായി അധികൃതര്‍. പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റമദാനില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ അവധികള്‍ റദ്ദാക്കും.  എല്ലാ മുനിസിപ്പാലിറ്റികളിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. അടിയന്തരസാഹചര്യങ്ങളിലൊഴികെ ദോഹ, അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റികളിലെ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് റമദാനില്‍ അവധി നല്‍കില്ല. ദോഹ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും  വലിയ മുനിസിപ്പാലിറ്റികളില്‍ രണ്ടെണ്ണമാണ് ദോഹയും റയ്യാനും. ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യശാലകളിലും റസ്റ്റൊറന്റുകളിലും പരിശോധന കര്‍ക്കശമാകും.  രാവിലെയുള്ള സമയങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തുന്നതിനായിരിക്കും ഊന്നല്‍.  വൈകുന്നേരങ്ങളില്‍ ഇഫ്താറിന് മുമ്പും അതിനു ശേഷവും റസ്റ്റൊറന്റുകളില്‍ മിന്നല്‍ പരിശോധന നടത്തും. ഭക്ഷണശാലകളില്‍ പ്രത്യേകിച്ചും വറുത്ത ഭക്ഷണങ്ങള്‍ വില്‍ക്കുന്ന ഇടങ്ങളില്‍ പ്രത്യേക പരിശോധന ഉണ്ടാവും. ഭക്ഷ്യ ആരോഗ്യ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധ സംഘടനകളുമായി മുനിസിപ്പാലിറ്റികള്‍ സഹകരിക്കുന്നുണ്ട്. റസ്റ്റൊറന്റുകളില്‍ നിന്നും മറ്റും ഇഫ്താര്‍ ടെന്റുകളിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് മുമ്പും ഭക്ഷണം കൊണ്ടുവരുമ്പോഴും ഇഫ്താര്‍ ടെന്റുകളിലെത്തിച്ച് വിതരണം ചെയ്യുന്നതിനു മുമ്പും പരിശോധന നടത്തും. സുരക്ഷിത ആരോഗ്യമാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഭക്ഷണശാലകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top