റമദാനില്‍ കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് രാവിലെദോഹ: പലരും കരുതുന്നതു പോലെ റമദാനില്‍ ഭൂരിഭാഗം വാഹന അപകടങ്ങളും നടക്കുന്നത് ഇഫ്താര്‍ സമയത്തല്ലെന്നും രാവിലെയാണെന്നും ഇന്‍ഷുറന്‍സ് കമ്പനിയിലെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം റമദാനില്‍ നടന്ന വാഹന അപകടങ്ങളും അതുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമുകളും വിശകലനം ചെയ്ത് ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ്(ക്യുഐസി) ഇക്കാര്യം വ്യക്തമാക്കിയത്. 30 ദിവസത്തെ കാലയളവില്‍ അപകടങ്ങള്‍ കൂടുതലും നടന്നത് രാവിലെ 9നും ഉച്ചയ്ക്കും ഇടയിലാണ്. റമദാനില്‍ ഭൂരിഭാഗവും ജോലിക്ക് പുറപ്പെടുന്നത് വൈകിയാണെന്നതിനാല്‍ ആ സമയത്ത് ഉണ്ടാവുന്ന തിരക്കാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കരുതുന്നു. പ്രവര്‍ത്തി ദിനങ്ങളില്‍ ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍. കുറവ് ഞായറാഴ്ചയും. 40 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്‍ഷുറന്‍സ് ക്ലെയിം നടത്തിയതില്‍ മൂന്നിലൊന്ന് ഇത്തരക്കാരായിരുന്നു. വ്രതമെടുക്കുന്നത് നിര്‍ജലീകരണത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനും ഇടയാക്കുന്നുവെന്നും ഇത് ശ്രദ്ധയും ഏകാഗ്രതയും ഡ്രൈവിങ് ചെയ്യുമ്പോഴുള്ള പ്രതികരണവും പരിമിതപ്പെടുത്തുന്നുവന്നും ക്യുഐസി വ്യക്തമാക്കുന്നു. വ്രതത്തിനു പുറമേ പതിവ് തെറ്റിയുള്ള ഭക്ഷണക്രമവും ഉറക്ക സമയവും ക്ഷീണവും തളര്‍ച്ചയും അക്ഷമയുമൊക്കെ ഉണ്ടാവാന്‍ കാരണമാവുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. റമദാനില്‍ അപകടമൊഴിവാക്കാന്‍ ചില മാര്‍ഗ നിര്‍ദേശങ്ങളും കമ്പനി മുന്നോട്ടുവച്ചിട്ടുണ്ട്. നിങ്ങളുടെ പരിമിതികള്‍ മനസ്സിലാക്കുക, മറ്റു വാഹന യാത്രികരും നിങ്ങളുടേതിന് സമാനമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക, അമിത വേഗത ഒഴിവാക്കാന്‍ നേരത്തേ പുറപ്പെടുക, എല്ലായ്‌പ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്.

RELATED STORIES

Share it
Top