റമദാനില്‍ ഉത്തരേന്ത്യയില്‍ നിന്ന് യാചനക്കെത്തുന്നവരെ സൂക്ഷിക്കണം;പോലീസിന്റെ പേരില്‍ വ്യാജ മുന്നറിയിപ്പ്തിരുവനന്തപുരം: റമദാന്‍ മാസത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് യാചനക്കെത്തുന്നവരെ സൂക്ഷിക്കണമെന്ന് കാണിച്ച് പോലീസിന്റെ പേരില്‍ വ്യാജ മുന്നറിയിപ്പ്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ് എന്നിവയിലാണ് കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പേരിലുള്ള വ്യാജ മുന്നറിയിപ്പ് നോട്ടീസ് പ്രചരിക്കുന്നത്.
റമദാന്‍ മാസത്തില്‍ കേരളത്തിലേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് യാചകരെത്തുമെന്നും ഇവരെ സൂക്ഷിക്കണമെന്നും നയാപൈസ നല്‍കരുതെന്നും അറിയിപ്പിലുണ്ട്.
ഇന്നലെയാണ് വ്യാജ അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. പോലീസിന്റെ ഔദ്യോഗിക ലെറ്റര്‍പാഡെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അറിയിപ്പ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനുകളില്‍ വന്നിറങ്ങിയത് ഒരു ലക്ഷം ഇതര സംസ്ഥാനക്കാരാണെന്നും റമദാന്‍ മാസത്തില്‍ യാചന നടത്താനും നോമ്പെടുത്ത് ക്ഷീണിച്ചവരെ കീഴ്‌പ്പെടുത്തി കവര്‍ച്ച നടത്താനുമാണ് ഇവരെത്തിയതെന്നുമാണ് വ്യാജ അറിയിപ്പില്‍ പറയുന്നത്.

16-08-18 ആണ് പോലിസ് അറിയിപ്പിന്റെ താഴെ പതിച്ചിട്ടുള്ള സീലില്‍ പേന കൊണ്ട് എഴുതിയിരിക്കുന്ന തിയ്യതി. റമദാന്‍ മെയ് പകുതിയോടെ ആരംഭിച്ച് ജൂണ്‍ പകുതിയോടെ അവസാനിക്കും. ഇതില്‍ നിന്ന് തന്നെ അറിയിപ്പ് വ്യാജമാണെന്ന് വ്യക്തമാണ്. ഇതര സംസ്ഥാനക്കാര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതായുള്ള വ്യാപക പ്രചരണത്തെ തുടര്‍ന്ന് ഈയിടെ നിരപരാധികളായ പലരും തെരുവില്‍ ആക്രമിക്കപ്പെട്ടിരുന്നു.

RELATED STORIES

Share it
Top