റബീഹിനായുള്ള തിരച്ചില്‍ വിഫലം; നാട് പ്രാര്‍ഥനയില്‍

തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് റബീഹിനുവേണ്ടി രണ്ട് രാത്രിയും ഒരുപകലും നടത്തിയ തിരച്ചില്‍ വിഫലം. കടലുണ്ടിപ്പുഴയില്‍ തേഞ്ഞിപ്പലം മാതാപ്പുഴ പാലത്തിനടുത്താണ് വിദ്യര്‍ഥി ഒഴുക്കില്‍പെട്ടതെന്ന് നിഗമനം.
കുട്ടി കളിച്ചു കൊണ്ടിരുന്ന മൊബൈല്‍ഫോണും ചെരിപ്പും കണ്ടെത്തിയതാണ് നിഗമനത്തിനാധാരം.  രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. ഇന്ന് ഉച്ചയോടുകൂടി നാവികസേന സ്ഥലത്തെത്തും. ഞായറാഴ്ച്ച വൈകീട്ട് നാലോടെയാണ് നാടിനെ ദുഖത്തിലാഴ്ത്തിയ സംഭവം. കുട്ടിയുടെ മാതാവ് കറുത്താമക്കത്ത് വീട്ടില്‍ ശാക്കിറയും റബീഹും മറ്റൊരു ചെറിയ കുട്ടിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിനകത്ത് ഉറങ്ങുകയായിരുന്ന ചെറിയകുട്ടി കരഞ്ഞപ്പോള്‍ ശാക്കിറ  പോയി തിരിച്ചുവന്ന സമയം കുട്ടിയെ കാണാതായെന്നും തിരച്ചിലിനൊടുവില്‍ വീടിനടുത്തുള്ള പുഴവക്കില്‍ ചെരിപ്പും മൊബൈല്‍ഫോണും കണ്ടെത്തിയെന്നുമാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. ഈസമയം മുതല്‍ നാട്ടുകാരും അഗ്‌നിശമന സേനയും പുഴയില്‍ തിരച്ചില്‍ ആരംഭിച്ചതാണ്. രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ ഇന്നലെ രാവിലെ പുനരാരംഭിക്കുകയും ചെയ്തു. തിരുവനന്തപുരത്തുള്ള പി അബ്ദുല്‍ഹമീദ് എംഎല്‍എ ഫോണില്‍ റവന്യൂ പോലിസ് എന്നിവരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. ശക്തമായ അടിയൊഴുക്കും മഴയും വെള്ളപൊക്കവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അഗ്‌നിശമനസേനയ്ക്ക് പുറമെ വേങ്ങര, നിലമ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സും, ട്രോമോകെയര്‍ വോളന്റിയര്‍മാര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. റവന്യൂ, പോലിസ്, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വെളിമുക്ക് ക്രസന്റ് ഇീഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണു റബീഹ്.

RELATED STORIES

Share it
Top