റബര്‍ വ്യാപാരിയെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

എടക്കര: കാര്‍ തടഞ്ഞുനിര്‍ത്തി റബ്ബര്‍ വ്യാപാരിയെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. പോത്തുകല്‍ ടൗണില്‍ വ്യാപാരം നടത്തുന്ന നല്ലംതണ്ണി കണക്കംതൊടിക സക്കീറിനെ(33) ആക്രമിച്ച കേസിലാണ് മഞ്ചേരി കിഴക്കേത്തല സ്വദേശിയായ കിതാടിയില്‍ മുഹമ്മദ് ഫൈസല്‍ എന്ന മൂരി ഫൈസലിനെ(40) എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഇരുപത്തിയൊന്‍പതിന് മുപ്പിനി പെട്രോള്‍ പമ്പിന് മുന്‍പില്‍ വച്ചായിരുന്നു ആക്രമണം. എടക്കരയിലെ ബാങ്കില്‍ നിന്നും പണമെടുത്ത് നല്ലംതണ്ണിയിലേക്ക് മടങ്ങുമ്പോഴായിരുന്നു ഫൈസലും മറ്റൊരാളും ചേര്‍ന്ന് സക്കീറിനെ ആക്രമിച്ചത്. വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച തര്‍ക്കമായിരുന്നു ആക്രമണത്തിന് പിന്നില്‍. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ സ്‌കൂട്ടറില്‍ രക്ഷപെടുകയും ചെയ്തു. ആക്രമണത്തില്‍ സക്കീറിന്റെ പല്ല് നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിരുന്നു ഇയാള്‍. എടക്കര പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അനേ്വഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ഫൈസലും, സഹോദരിയുടെ മകനായ പിലാക്കാടന്‍ അഫ്ഹാമും നിലമ്പൂരിലെത്തി മദ്യപിക്കുകയും തുടര്‍ന്ന് നാടുകാണിച്ചുരത്തിലേക്ക് പോയി മടങ്ങുംവഴിയാണ് സൈഡ് കൊടുക്കാത്ത വിഷയത്തില്‍ സക്കീറുമായി അടിപിടിയുണ്ടായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും,  നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അനേ്വഷണത്തിലാണ് ഫൈസല്‍ പിടിയിലായത്.

RELATED STORIES

Share it
Top